പങ്കാളിയെ മർദിച്ചുകൊന്ന് യുവാവ്, കുറ്റകൃത്യം പുനരാവിഷ്‌കരിച്ച് പോലീസ്; ശേഷം പ്രതിയെ പൊതിരെ തല്ലി

ഗാന്ധിനഗർ: ലിവ് ഇൻ പങ്കാളിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യരംഗം പുനഃരാവിഷ്‌കരിച്ച ശേഷം പൊതിരെത്തല്ലി പോലീസ്. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം.
കാജൽബെൻ ബരെയ എന്ന നാൽപ്പതുവയസ്സുകാരിയെ ബസ് സ്റ്റാൻഡിൽവെച്ച് മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഫൈസലി(20)നെയാണ് നീലംബാഗ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ ലാത്തി ഉപയോഗിച്ച് മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെപ്റ്റംബർ മൂന്നാംതീയതി ഭാവ്‌നഗർ ബസ് സ്റ്റാൻഡിൽവെച്ചായിരുന്നു കാജലിനെ ഫൈസൽ മർദിച്ചത്. കുറച്ചുവർഷങ്ങളായി ഇവർ ഇരുവരും ഒരുമിച്ചായിരുന്നു താമസം. അതിനിടെ കാജലിന് രവി എന്ന സുഹൃത്തുമായി ബന്ധമുണ്ടെന്ന് ഫൈസലിന് സംശയം തോന്നി. ഇതേച്ചൊല്ലിയുള്ള വാക്കുതർക്കത്തിന് പിന്നാലെ ആയിരുന്നു മർദനം എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കാജൽ, ചികിത്സയിലിരിക്കെ സെപ്റ്റംബർ നാലാംതീയതി മരിച്ചു.
അറസ്റ്റിലായ ഫൈസലിനെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുന്നതിനായി ബസ് സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു. നടപടിക്ക് ശേഷം പോലീസ് ഇയാളെ ലാത്തി ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ബസ് സ്റ്റാൻഡിനുള്ളിൽവെച്ചും കൈകളിൽ കയർ കുരുക്കി പോലീസ് വാഹനത്തോട് ചേർത്ത് നിർത്തിയശേഷം ഫൈസലിനെ പോലീസ് ഉദ്യോഗസ്ഥൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.
Content Highlights: A young man named Faisal was arrested for allegedly beating his live-in partner, Kajalben Barey, to death at a bus stand in Bhavnagar, Gujarat.