മയക്കുമരുന്ന് കടത്താൻ പ്രത്യേക പാതയെന്ന് തമിഴ്നാട് രഹസ്യാന്വേഷണവിഭാഗം; നീലഗിരിയിൽ പരിശോധന ശക്തം

ഗൂഡല്ലൂർ: തെക്കേഇന്ത്യയിൽ നീലഗിരിയിലെ ഗൂഡല്ലൂരിൽനിന്നുള്ള പ്രധാനപാതകൾ ഉൾപ്പെടുത്തി മയക്കുമരുന്ന് കടത്താൻ പ്രത്യേക പാതയെന്ന് തമിഴ്നാട് രഹസ്യാന്വേഷണവിഭാഗം.
ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് ലഹരിക്കടത്ത് സംഘം ശക്തമായി പ്രവർത്തിക്കുന്നതായി തമിഴ്‌നാട് രഹസ്യാന്വേഷണവിഭാഗം. ഈ സംഘം ഗൂഡല്ലൂർ വഴിയുള്ള മൈസൂരു-ഊട്ടി, ഗൂഡല്ലൂർ-നാടുകാണി, ഗൂഡല്ലൂർ-സുൽത്താൻബത്തേരി പാതയിലൂടെ മയക്കുമരുന്നുകടത്ത് നിർബാധം നടത്തുന്നതായും ജാഗ്രതപാലിക്കണമെന്നും കാണിച്ച് നീലഗിരി പോലീസിന് റിപ്പോർട്ട് നൽകി.
ഈ അന്തസ്സംസ്ഥാനപാതകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തമിഴ്‌നാട് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. ഈ പാതകൾ വഴി കേരളത്തിലേക്കും നീലഗിരിയുടെ വിവിധഭാഗങ്ങളിലേക്കും എം.ഡി.എം.എ. ഉൾപ്പെടെ മയക്കുമരുന്ന് കടത്തുന്നത് പെരുകുകയാണ്. ഇതോടെയാണ് വിഷയം ഗൗരവത്തിലെടുക്കാൻ സംസ്ഥാനപോലീസ് രഹസ്യാന്വേഷണവിഭാഗം നീലഗിരി പോലീസിന് നിർദേശം നൽകിയിരിക്കുന്നത്.
പരിശോധന കർശനമാക്കാൻ നിർദേശം
കർണാടക അതിർത്തിയായ കാക്കനല്ലെയിലും, കേരള അതിർത്തിയായ നാടുകാണി, ചോളാടി, താളൂർ, നമ്പ്യാർക്കുന്ന്, പാട്ടവയൽ, പൂളക്കുണ്ട്, മണൽവയൽ, കോട്ടൂർ എന്നിവിടങ്ങളിൽ വനംവകുപ്പ് ചെക്‌പോസ്റ്റുകളുണ്ട്. പോലീസ്, വനം ഉദ്യോഗസ്ഥർ, ഇ-പാസ് ചെക്കിങ് ഉദ്യോഗസ്ഥർ എന്നിവർ ഇവിടെ വാഹനപരിശോധന നടത്തുന്നുണ്ട്.
സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ രാത്രിയിലും പുലർച്ചെയും എത്തുന്ന കേരള, കർണാടക ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സമഗ്രപരിശോധന അധികൃതർ നടത്തണമെന്നാണ് നിർദേശം. പച്ചക്കറികളും പഴങ്ങളും കൊണ്ടുപോകുന്ന ചരക്കുവാഹനങ്ങളുൾപ്പെടെ പരിശോധിക്കണം.
പോലീസിന്റെ ജോലിഭാരം കണക്കിലെടുത്ത് ചെക്പോസ്റ്റുകളിൽ ഷിഫ്റ്റടിസ്ഥാനത്തിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കണം. കേരള, കർണാടക എക്‌സൈസ്, പോലീസ്, വനംവകുപ്പ് വിഭാഗങ്ങളുമായി യോജിച്ച് പരിശോധന നടത്താനും നിർദേശമുണ്ട്.
ആറുമാസത്തിനുള്ളിൽ 103 കേസുകൾ
ഗൂഡല്ലൂർ, ദേവാല ഡെപ്യൂട്ടി സൂപ്രണ്ട് പോലീസ് ഓഫീസിനു കീഴിലുള്ള പോലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പ്രധാന ചെക്‌പോസ്റ്റുകളിൽനിന്നായി മയക്കുമരുന്ന്, നിരോധിത ലഹരിവസ്തുക്കൾ കടത്തിയതിന് 103 കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. സർക്കാർബസുകൾ വഴിയും ലഹരിക്കടത്ത് പതിവാണെന്നും രഹസ്യാന്വേഷണവിഭാഗം പറയുന്നു.
യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പൊതുട്രാൻസ്‌പോർട് സർവീസുകളിൽ പരിശോധന നടത്താതിരിക്കുകയായിരുന്നു പതിവ്. ഇനിമുതൽ ഇത്തരത്തിൽ ഒഴിവാക്കലുകൾ വേണ്ടെന്നും എല്ലാ വാഹനങ്ങളും കർശനപരിശോധനയ്ക്ക് വിധേയമാക്കാനുമാണ് നിർദേശമുള്ളത്.
ഗൂഡല്ലൂർ പോലീസ് പലയിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഫെബ്രുവരി മൂന്നിന്, കർണാടകയിൽനിന്ന് ഒരു സർക്കാർബസിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 24 ലക്ഷം രൂപ വിലമതിക്കുന്ന 600 ഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. സംഭവത്തിൽ, മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മുഹമ്മദ് സാബിർ(32) അറസ്റ്റിലായി.
ഫെബ്രുവരി പത്തിന്, ഗൂഡല്ലൂർ പാടുന്തറ സ്വദേശിയായ അബ്ദുള്ള(30) യെ കേരളസർക്കാർ ബസിൽ പുകയില ഉത്പന്നങ്ങൾ കടത്തിയതിന് തൊറപ്പള്ളി ചെക്‌പോസ്റ്റിൽ പിടികൂടി. ഫെബ്രുവരി 13-ന് കർണാടക ബസിൽ പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നതിന് ആറു കർണാടകസ്വദേശികളെ കാകനെല്ലയിൽ അറസ്റ്റുചെയ്തു.
Content Highlights: Tamil Nadu intelligence reveals a major drug smuggling route through Gudalur