'പണമില്ലാത്തതിനാൽ മട്ടൻകറി പകരം നൽകി കഞ്ചാവ് വാങ്ങും';ജയിൽ ചാടിയ രാത്രിയിലും കഞ്ചാവ് വലിച്ചതായി മൊഴി

മാധ്യമങ്ങളെ കെെവീശിക്കാണിക്കുന്ന ഗോവിന്ദച്ചാമി, കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയെ പുറത്തെത്തിക്കുന്നു
മാധ്യമങ്ങളെ കെെവീശിക്കാണിക്കുന്ന ഗോവിന്ദച്ചാമി, കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയെ പുറത്തെത്തിക്കുന്നു

കണ്ണൂർ: ജയിലിൽനിന്ന് രക്ഷപ്പെടാനായി ഇരുമ്പഴി മുറിച്ചതിന് ഗോവിന്ദച്ചാമിയുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു. ബി സെല്ലിലെ ഇരുമ്പഴിയുടെ അടിഭാഗം അരം പോലുള്ള ആയുധമുപയോഗിച്ച് മുറിച്ചുമാറ്റിയാണ് വെള്ളിയാഴ്ച പുലർച്ചെ 1.35-ന് ഇയാൾ പുറത്തുകടന്നത്. ജയിൽച്ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് തിരിച്ചെത്തിച്ചിരുന്നു.

ശനിയാഴ്ച രാവിലെ 7.20-ന് ഇയാളെ വൻസുരക്ഷയിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.സെൻട്രൽ ജയിലിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ യഥേഷ്ടം ലഭിക്കുമെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ ഗോവിന്ദച്ചാമി മൊഴിനൽകിയിട്ടുണ്ട്. ജയിൽ ചാടിയ ദിവസം രാത്രിയിലും കഞ്ചാവ് വലിച്ചിരുന്നു. കഞ്ചാവ്, മാഹിയിൽനിന്നുള്ള മദ്യം എന്നിവ എത്തിച്ചുനൽകാൻ പ്രത്യേകം ആളുകളുണ്ടെന്നും ഇയാൾ പറഞ്ഞു.

കൈയിൽ പണമില്ലാത്തതിനാലും പുറത്തുനിന്ന് ഗൂഗിൾപേ വഴി പണം അയച്ചുനൽകാൻ ആളില്ലാത്തതിനാലും ലഹരിവസ്തുക്കൾ കിട്ടാറില്ല. മട്ടൻകറി ഉൾപ്പെടെയുള്ളവ പകരം നൽകിയാണ് താൻ സഹതടവുകാരിൽനിന്ന് കഞ്ചാവ് വാങ്ങുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. മൊഴി പോലീസ് പൂർണമായി മുഖവിലക്കെടുത്തിട്ടില്ല.

സമഗ്ര റിപ്പോർട്ട് നൽകും -ജസ്റ്റിസ് രാമചന്ദ്രൻ നായർ

കൊച്ചി: ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ പരിശോധനാ വിഷയങ്ങൾ ലഭിക്കുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണത്തിന് നിയോഗിച്ച സമിതിയംഗമായ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. ജയിലുകൾ സന്ദർശിച്ച് തയ്യാറാക്കുന്ന സമഗ്രമായ റിപ്പോർട്ടായിരിക്കും സർക്കാരിന് നൽകുക. ഇത്തരം സംഭവമുണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: govindachamy prison break kannur