ഭാര്യമാരും കുട്ടികളുമായി പലതവണ സ്വർണം കടത്തി; ഒടുവിൽ പിടിച്ചത് 4 കോടിയുടെ സ്വർണവുമായി

#വിപിന്‍ വാസുദേവ്‌
കരിപ്പൂര്‍ വിമാനത്താവളം |ഫോട്ടോ:മാതൃഭൂമി
കരിപ്പൂര്‍ വിമാനത്താവളം |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: നാലുകോടിയോളം രൂപയുടെ സ്വർണവുമായി കരിപ്പുർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽനിന്ന് ദമ്പതിമാർ പിടിയിലായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ ഫാറൂഖിന് രണ്ടിൽ കൂടുതൽ ഭാര്യമാരും അവരിൽ മക്കളുമുണ്ടെന്നും ഇവരെ ഉപയോഗിച്ചാണ് ഇയാൾ സ്വർണം കടത്തിയിരുന്നതെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

കല്യാണശേഷം സ്ത്രീകളെ ഇയാൾ വിദേശത്തുകൊണ്ടുപോകും. പിന്നീട് അവർ ഗർഭിണിയായി നാട്ടിലേക്ക് തിരിച്ചയക്കുമ്പോൾ ഇവരുടെ ദേഹത്ത് സ്വർണം ഒളിപ്പിക്കും. പ്രസവശേഷം മക്കളുമായി തിരികെ വിദേശത്തേക്ക് പോവുകയും പിന്നീട് തിരികെ നാട്ടിലേക്ക് വരുമ്പോഴും ഭാര്യമാരുടെയും മക്കളുടെയും ശരീരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്തുന്നതുമാണ് രീതി. ഇത്തരത്തിൽ, വിവാഹം കഴിച്ച ഭാര്യമാരെയും ഇവരിലുണ്ടായ മക്കളെയും ഇയാൾ സമാനരീതിയിൽ പലതവണ സ്വർണക്കടത്തിനായി ഉപയോഗിച്ചു എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) അധികൃതർ നൽകുന്ന വിവരം.

നെടുമ്പാശേരിയിൽ സ്വർണവുമായി ഇയാളുടെ ഭാര്യയായ ഷെറിഫ ബീവി പിടിയിലായതിനു തൊട്ടടുത്ത ദിവസം മറ്റൊരു ഭാര്യയായ യുവതി കരിപ്പുർ വിമാനത്താവളം വഴി സ്വർണം കടത്തുന്നുണ്ടെന്ന വിവരം ഡിആർഐയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ, ഇവരെ പിടികൂടാനായില്ല. പിന്നീട് യുവതിയുടെ വീട്ടിൽ ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. ഒരു വർഷമായി ഫാറൂഖ് ദുബായിലാണ് താമസം. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ച് നടത്തുന്ന സ്വർണക്കടത്തിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

സാനിറ്ററി നാപ്കിനുള്ളിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന 2.86 കോടി രൂപയുടെ സ്വർണവുമായാണ് ഷെറിഫ ബീവി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. അതിനുപിന്നാലെ, ഇവരുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണമിശ്രിതവുമായി ഭർത്താവും പൊന്നാനി സ്വദേശിയുമായ ഫാറൂഖ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലാവുകയായിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് (ഡി.ആർ.ഐ.) രണ്ടു വിമാനത്താവളങ്ങളിലും സ്വർണം പിടിച്ചത്.

റാസൽഖൈമയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ശനിയാഴ്ച കൊച്ചിയിൽ എത്തിയ ഷെരീഫ ബിവിയുടെ പക്കൽനിന്ന് 2.86 കോടിയുടെ 1966 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം മിശ്രിതരൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. യുവതി ഗർഭിണിയാണെന്നു പറഞ്ഞതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. തുടർന്ന്, കാക്കനാട് വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

യുവതിയെ ചോദ്യംചെയ്തപ്പോഴാണ് മക്കളെയും കൂട്ടി ഭർത്താവ് സ്വർണവുമായി ചൊവ്വാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്നതറിഞ്ഞത്. ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയതെന്നും യുവതി മൊഴി നൽകി. മൂന്ന് കുഞ്ഞുങ്ങളുമായാണ് ഫാറൂഖ് കരിപ്പുരിൽ എത്തിയത്. സ്വർണമിശ്രിതം കുഞ്ഞിന്റെ ഡയപ്പറിലും ഇയാളുടെ ശരീരത്തിലുമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. നാല്, രണ്ട് വയസ്സുള്ളവരാണ് മറ്റു രണ്ടു കുഞ്ഞുങ്ങൾ.

അതേസമയം, ഫറൂഖിനെ പിടികൂടിയ അതേദിവസം ഒരുകോടി രൂപയുടെ സ്വർണവുമായി കൊടുവള്ളി സ്വദേശിയായ യുവാവും കരിപ്പുരിൽ ഡിആർഐയുടെ പിടിയിലായിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം. ദുബായിൽനിന്നുള്ള വിമാനത്തിലാണ് ഇയാൾ കരിപ്പുരിലെത്തിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Content Highlights: Farooq and his wife Sherifa Beevi arrested by DRI with gold worth nearly Rs 4 crores., Gold was hidden inside sanitary napkins, a baby's diaper, and on the bodies of children., The accused married multiple women, including divorcees, and used them and their children for repeated gold smuggling operations.