യു.പി ആത്മഹത്യ: അച്ഛന് 2 കോടിയുടെ കടം, പഠനം മുടങ്ങി; ഇന്ത്യക്കാരെ വിവാഹം കഴിക്കില്ലെന്നും കുറിപ്പിൽ

ന്യൂഡൽഹി: ഉത്തർപ്രദേശ് ഗാസിയാബാദിൽ ബുധനാഴ്ച ഒമ്പതാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് ചാടി മരിച്ച നിഷിക (16), പ്രാചി (14), പാക്കി (12) എന്നീ പെൺകുട്ടികളുടെ അച്ഛന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കുട്ടികളെ സ്കൂളിലയച്ചിരുന്നില്ലെന്നും റിപ്പോർട്ട്. കുട്ടികളുടെ കൊറിയൻ പേരുകളിലെ സാമൂഹികമാധ്യമ അക്കൗണ്ട് അച്ഛൻ നീക്കം ചെയ്തത് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായെന്നും റിപ്പോർട്ട് പറയുന്നു.
കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് കൊറിയൻ സംസ്കാരത്തോടുള്ള അവരുടെ അടങ്ങാത്ത ഭ്രമവും മൊബൈൽ ഫോൺ അച്ഛൻ എടുത്തുകൊണ്ടുപോയതിന് ശേഷമുണ്ടായ മാനസിക സമ്മർദ്ദവുമാണെന്ന് അന്വേഷണത്തിനുശേഷം പോലീസ് പറഞ്ഞു. കൊറിയൻ സംസ്കാരത്തോടുള്ള അമിതഭ്രമം കാരണം കൊറിയൻ പേരുകളായ മരിയ, അലിസ, സിൻഡി എന്നിവ ഉപയോഗിച്ച് സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ഇവർ ഉണ്ടാക്കിയിരുന്നു, നിരവധി ഫോളോവേഴ്സും ഉണ്ടായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ്, അവരുടെ അച്ഛൻ ചേതൻ കുമാർ ഈ അക്കൗണ്ടിനെക്കുറിച്ച് അറിയുകയും അത് നീക്കം ചെയ്യുകയും മൊബൈൽ ഫോണുകൾ എടുത്തുവെയ്ക്കുകയും ചെയ്തു. പിന്നീട് ഫോണുകൾ ചോതൻകുമാർ വിറ്റു. 2 കോടി രൂപയുടെ കടബാധ്യത നേരിട്ടിരുന്ന ചേതൻ കുമാർ, വൈദ്യുതി ബിൽ അടക്കാൻ വേണ്ടിയാണ് മൊബൈൽ ഫോണുകൾ വിറ്റതെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ വിവാഹം കഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന്, "ഞങ്ങൾ ഇന്ത്യക്കാരല്ല, കൊറിയക്കാരാണ്, അതിനാൽ വിവാഹം കഴിക്കാൻ കഴിയില്ല" എന്ന് സഹോദരിമാർ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്.
പെൺകുട്ടികൾ ടാസ്ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഗെയിം കളിച്ചിരുന്നുവെന്നും അവസാന ടാസ്ക് ആത്മഹത്യയാണെന്നുമായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. കൊറിയൻ സംസ്കാരം പെൺകുട്ടികളെ സ്വാധീനിച്ചിരുന്നുവെന്നും എന്നാൽ മരണത്തിലേക്ക് നയിച്ച ഏക കാരണം അതായിരുന്നില്ലെന്നും ബുധനാഴ്ച വൈകുന്നേരത്തോടെ പോലീസ് അറിയിച്ചു. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയായിരുന്നു, കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികൾ സ്കൂളിൽ പോയിരുന്നില്ല. ഇതിന് കാരണം, ഭീമമായ കടബാധ്യതയാണെന്ന് പോലീസ് പറഞ്ഞു. അച്ഛൻ കുട്ടികളെ വീണ്ടും സ്കൂളിൽ അയക്കാൻ ഒരിക്കലും മെനക്കെട്ടിരുന്നില്ല.
പെൺകുട്ടികൾ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു, അതിൽ ഇങ്ങനെ എഴുതിയിരുന്നു: "ഈ ഡയറിയിൽ എഴുതിയതെല്ലാം വായിക്കണം, കാരണം അതെല്ലാം സത്യമാണ്. ക്ഷമിക്കണം, അച്ഛാ." കൈകൊണ്ട് വരച്ച ഒരു കരയുന്ന ഇമോജിയിലാണ് കുറിപ്പ് അവസാനിച്ചത്. എട്ട് പേജുള്ള ഈ കുറിപ്പ് ഒരു പോക്കറ്റ് ഡയറിയുടെ പേജുകളിൽ എഴുതിയതാണ്, അതിൽ അവരുടെ ഗെയിമിങ്, മൊബൈൽ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. കൊറിയൻ പരിപാടികൾ കാണുന്നതിൽ നിന്ന് അവരുടെ പിതാവ് തടഞ്ഞതിലുള്ള അസംതൃപ്തി ഡയറിയിൽ നിന്ന് വെളിപ്പെടുന്നു.
"കൊറിയൻ കാര്യങ്ങൾ ഞങ്ങളുടെ ജീവിതമായിരുന്നു, ഞങ്ങളുടെ ജീവിതം ഉപേക്ഷിക്കാൻ നിങ്ങൾ എങ്ങനെ ഞങ്ങളോട് ആവശ്യപ്പെടും?ഞങ്ങൾ എത്രത്തോളം അവരെ സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയില്ല. കൊറിയൻ, കെ-പോപ് എന്നിവയാണ് ഞങ്ങളുടെ ജീവിതമെന്ന് ഇപ്പോൾ ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. കൊറിയൻ നടനെയും കെ-പോപ് ഗ്രൂപ്പിനെയും സ്നേഹിച്ചത്ര ഞങ്ങൾ നിങ്ങളെയും കുടുംബത്തെയും സ്നേഹിച്ചില്ല. കൊറിയൻ ഞങ്ങളുടെ ജീവിതമായിരുന്നു..." കുറിപ്പിൽ പറയുന്നു.
തങ്ങൾ കൊറിയക്കാരെ സ്നേഹിക്കുമ്പോൾ ഇന്ത്യക്കാരനെ വിവാഹം കഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികൾ പിതാവിനെതിരെ ആരോപണം ഉന്നയിച്ചു."ഇങ്ങനെയൊന്നു ഞങ്ങൾ പ്രതീക്ഷിച്ചില്ല.. അതുകൊണ്ടാണ് ഞങ്ങൾ ആത്മഹത്യ ചെയ്യുന്നത്. ക്ഷമിക്കണം, അച്ഛാ" കുറിപ്പിൽ പറയുന്നു.
Content Highlights: Three sisters in Ghaziabad died by suicide due to financial hardship, father`s actions, and intense obsession with Korean culture and K-Pop.