150 കോടിയുടെ സ്വത്ത് ആവശ്യപ്പെട്ട് തർക്കം; ഗാസിയാബാദിൽ മകൻ പിതാവിനെ വെടിവെച്ചുകൊന്നു

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഹരിഓം ചൗധരി (52) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂത്ത മകൻ നിഖിൽ(32) ആണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. മോദിനഗറിലെ ബുഡാന ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
150 കോടി രൂപയോളം ആസ്തിയുള്ള ഹരിഓം ചൗധരിക്ക് 75 ഏക്കർ ഭൂമിയും ഡൽഹി-മീററ്റ് റോഡിൽ സ്വന്തമായി കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്നു. നിഖിലിന് ഇതിനുമുൻപ് പിതാവ് 25 ഏക്കർ ഭൂമിയും ചന്തയിലെ ചില കടകളും നൽകിയിരുന്നു. എന്നാൽ, ബാക്കിയുള്ള സ്വത്തുകൂടി തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിഖിൽ പിതാവുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. മദ്യപാനിയായ മകൻ സ്വത്ത് നശിപ്പിക്കുമെന്ന് ഭയന്ന് ഹരിഓം ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നിഖിൽ പിതാവുമായി വാക്കേറ്റമുണ്ടായി. തുടർന്ന്, നിഖിൽ കൈവശമിരുന്ന തോക്കെടുത്ത് പിതാവിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഹരിഓമിന്റെ മുഖത്തും നെഞ്ചിലും വയറിലുമായി ആറ് ബുള്ളറ്റുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
കൃത്യത്തിന് ശേഷം നിഖിൽ ഒളിവിൽ പോയി. പ്രതിയെ കണ്ടെത്താനായി നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. 2018-ൽ നിഖിൽ സ്വത്തുതർക്കത്തിനിടെ സഹോദരനുനേരെ വെടിയുതിർത്തിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: The victim, Hariom Chaudhary, was a wealthy farmer with assets worth 150 crore., The suspect, Nikhil, killed his father after being denied further property inheritance., The accused had a history of violence, having previously shot at his brother in 2018., Police have formed four teams to track down the suspect who is currently absconding.