ലക്ഷ്യം മറ്റൊരു ആക്രമണമോ? ചിത്രങ്ങളെടുത്ത യുവാക്കൾക്കെതിരായ അന്വേഷണമെത്തിയത് വൻ ചാരശൃംഖലയിലേക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

ഗാസിയാബാദ്: ഗാസിയാബാദിലെ ഒരു പോലീസ് സ്റ്റേഷനിൽ ലഭിച്ച ഇന്റലിജൻസ് വിവരം വഴിതുറന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ചാരവൃത്തിക്കേസിലേക്ക്. യുവാക്കൾ സംശയകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. പാകിസ്താനിലെ ഒരു സംഘത്തിന്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയ അന്വേഷണസംഘം മറ്റൊരു ആക്രമണോദ്യേശം പിന്നിലുണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. കേസിൽ ഇതുവരെ 22 -ഓളം പേർ അറസ്റ്റിലായിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഭോവാപൂരിലെ കുറച്ച് യുവാക്കൾ റെയിൽവേ സ്റ്റേഷനുകളുടെയും സൈനിക താവളങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും എടുത്ത് വിദേശത്തേക്ക് അയയ്ക്കുന്നു എന്നാണ് ആദ്യം ലഭിച്ച വിവരം. ആ വിവരത്തിൽ നിന്നാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. പണം ലക്ഷ്യമിട്ടാണ് യുവാക്കൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നത്. കൂടുതൽ പണം സമ്പാദിക്കാൻ കൂടുതൽ യുവാക്കളെ റിക്രൂട്ട് ചെയ്യാനും യുവാക്കളോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ സംശയങ്ങളുടെ ചുരുളഴിയുകയായിരുന്നു.

ആറുപ്രതികളെയാണ് ആദ്യഘട്ടത്തിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഇവരിലുണ്ടായിരുന്നത്. അവരുടെ ഫോണുകളിൽ നിന്ന് അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയ നിർണായക തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സൈന്യവുമായി ബന്ധപ്പെട്ട വീഡിയോകൾ, ഫോട്ടോകൾ, ലൊക്കേഷൻ ടാഗുകൾ എന്നിവ ഫോൺ ഗാലറിയിൽ നിന്ന് ലഭിച്ചു. ഇന്ദിരാപുരം പോലീസ്, ക്രൈം ബ്രാഞ്ച്, സൈബർ ക്രൈം, ഇന്റലിജൻസ്, സ്വാറ്റ് എന്നിവരടങ്ങിയ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പിന്നീട് കേസ് അന്വേഷണം തുടരുന്നത്. മാർച്ച് 17-ന് അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പിന്നാലെ പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്ന സുഹൈൽ മാലിക്, നൗഷാദ് അലി, സമീർ എന്നിവരെ തിരിച്ചറിയുകയും ചെയ്തു.

സോഷ്യൽ മീഡിയയിലൂടെയും എൻക്രിപ്റ്റ് ചെയ്ത മെസ്സേജിങ് ആപ്പുകളിലൂടെയുമാണ് ഇവരുടെ റിക്രൂട്ട്മെന്റ് സംവിധാനം പ്രവർത്തിച്ചത്. ഏത് റെയിൽവേ സ്റ്റേഷനുകൾ ചിത്രീകരിക്കണം, എങ്ങനെ ഷൂട്ട് ചെയ്യണം, എപ്പോൾ കോർഡിനേറ്റുകൾ അയയ്ക്കണം തുടങ്ങിയ കൃത്യമായ നിർദ്ദേശങ്ങൾ ഇവർ യുവാക്കൾക്ക് നൽകിയിരുന്നു. ഇവരുടെ നിർദേശങ്ങൾക്കനുസരിച്ച് ചെയ്യുന്ന ജോലികൾക്ക് ഓരോ തവണയും 5,000 രൂപ മുതൽ 20,000 രൂപ വരെയായിരുന്നു പ്രതിഫലം.

മാത്രമല്ല, അറസ്റ്റിലായ ആറ് പ്രതികളിൽ നാല് പേർ നേരത്തെ ജമ്മു കശ്മീരിലെ പുൽവാമ സന്ദർശിച്ചിരുന്നു. അവിടെ നിന്ന് അവർ പാകിസ്താനിലേക്ക് സുപ്രധാന വിവരങ്ങൾ അയച്ചു. ഈ ശൃംഖല ജമ്മു കശ്മീരിൽ രണ്ടാമത്തെ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതായത് ഇത് കേവലമൊരു ചാരവൃത്തി എന്നതിലപ്പുറം മറ്റൊരു ആക്രമണത്തിന് മുൻപായുള്ള നിരീക്ഷണം എന്ന നിലയിൽകൂടി കണക്കാക്കപ്പെടുന്നു.

ഡൽഹി-ജമ്മു റെയിൽവേ ഇടനാഴിയിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും സൈനിക നീക്കങ്ങൾ ട്രാക്ക് ചെയ്യാനും ഈ ശൃംഖല ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് അമ്പതോളം ഇടങ്ങളിൽ ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിക്കാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ സൈനിക നീക്കങ്ങൾ തുടർ‍ച്ചയായി നിരീക്ഷിക്കപ്പെടുമായിരുന്നുവെന്ന് എസ്ഐടി വിശ്വസിക്കുന്നു.

ചിത്രങ്ങൾ, വീഡിയോകൾ, ജിപിഎസ് ഡാറ്റ എന്നിവ കൈമാറാൻ വിദേശ നിയന്ത്രിത മൊബൈൽ ആപ്ലിക്കേഷൻ ഈ സംഘം ഉപയോഗിച്ചിട്ടുണ്ട്. മൊബൈൽ റിപ്പയർ ഷോപ്പുകളിലെ ജോലിക്കാർ, സിസിടിവി ജോലികൾ ചെയ്യുന്നവർ, നെറ്റ് വർക്കിങ് വൈദഗ്ധ്യമുള്ളവർ തുടങ്ങി സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കളെയാണ് റിക്രൂട്ട് ചെയ്തിരുന്നത്. സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന യുവാക്കളെയും സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും ഇതിനായി ഉപയോഗിച്ചതായാണ് വിവരം. കേസിൽ അന്വേഷണം തുരുകയാണ്.

Content Highlights: Organized espionage module linked to Pakistan handlers identified., 22 arrests made including minors and a female recruiter., Network used local youths to film military and railway installations., Discovery of solar-powered CCTV plots for real-time military tracking., Recruitment focused on economically vulnerable youths with technical skills.