രാത്രിയിൽ ബൈക്ക് യാത്രികരുടെ മർദനമേറ്റുവീണ് മുൻ CPM കൗൺസിലർ, പരാതിയില്ല, അക്രമികൾക്കായി തിരച്ചിൽ

#ന്യൂസ് ഡെസ്ക്ക്
ജയപ്രകാശിന്റെ തലയ്ക്കുപിന്നിലെ പരിക്ക്
ജയപ്രകാശിന്റെ തലയ്ക്കുപിന്നിലെ പരിക്ക്

സുൽത്താൻബത്തേരി: നഗരസഭയിലെ തേലമ്പറ്റ ഡിവിഷനിലെ മുൻ കൗൺസിലറായ ജയപ്രകാശിനെ രാത്രിയിൽ പാതയോരത്ത് പരിക്കേറ്റനിലയിൽ കണ്ടെത്തി. തൊടുവട്ടി തപോവനം-തേലമ്പറ്റ പാതയോരത്ത് ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് തലയ്ക്കും പുറത്തും പരിക്കേറ്റ് മുറിവുകളുമായി ജയപ്രകാശിനെ കണ്ടെത്തിയത്.

ഇതുവഴി പോയവർ കണ്ടതിനെത്തുടർന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് വിദഗ്ധചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ജയപ്രകാശ് ഇവിടെ ചികിത്സയിലാണ്. സ്കൂട്ടറിൽ പോകുമ്പോൾ ജയപ്രകാശിനെ തട്ടിയിട്ട് രണ്ടുപേർ ആക്രമിച്ചതായാണ് ഇയാൾ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. സമീപത്തുനിന്ന് ഒരു ഇരുമ്പുപൈപ്പും പോലീസ് കണ്ടെടുത്തതായും സൂചനയുണ്ട്.

എന്നാൽ, ഇക്കാര്യത്തിൽ പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചതിനാൽ കേസെടുത്തിട്ടില്ലെന്ന് ബത്തേരി പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ്. നായർ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും തേലമ്പറ്റ ഡിവിഷൻ കൗൺസിലറുമായ വി.എം. യൂനുസ് അലി ആവശ്യപ്പെട്ടു.

മുൻ നഗരസഭാംഗവും മുൻ സിപി.എം. ലോക്കൽ കമ്മിറ്റിയംഗവുമായ ജയപ്രകാശിനെ മർദനമേറ്റ് അവശനിലയിൽ കണ്ടെത്തിയത് ദുരൂഹതയുണർത്തുന്നതാണെന്നും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിനുപിന്നിൽ രാഷ്ട്രീവിരോധമോ മയക്കുമരുന്ന് സംഘത്തിന്റെ പ്രതികാരമാണോയെന്ന് പോലീസ് പരിശോധിക്കണമെന്നും യൂനുസ് അലി ആവശ്യപ്പെട്ടു.

അക്രമികളെ അറസ്റ്റുചെയ്യണം -മുസ്‌ലിം ലീഗ്

മുൻ നഗരസഭാംഗവും സി.പി.എം. മുൻ നേതാവുമായ ജയപ്രകാശനെ ആക്രമിച്ച്‌ മാരകമായി പരിക്കേൽപ്പിച്ചവരെ എത്രയുംവേഗം അറസ്റ്റുചെയ്യണമെന്ന് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

തേലമ്പറ്റ, മൂലങ്കാവ് പ്രദേശത്ത് സി.പി.എം. കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ജയപ്രകാശ് കുറച്ചുകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയാണ്. സി.പി.എം. ഗുണ്ടായിസത്തിലും തെറ്റായ നിലപാടിലും പ്രതിഷേധിച്ച് പാർട്ടിവിട്ട അദ്ദേഹം കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പുകാലത്ത് ഭീഷണി നേരിട്ടിരുന്നു. ശേഷമുണ്ടായ തിരഞ്ഞെടുപ്പുകളിൽ സി.പി.എം. പരാജയപ്പെട്ടതിൽ ജയപ്രകാശിന്റെ പങ്ക്‌ വലുതായിരുന്നെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. മുനിസിപ്പൽ തിരഞ്ഞെടുപ്പുകാലത്ത് ജയപ്രകാശിന്റെ വീട്ടിൽച്ചെന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയവരെ ചോദ്യംചെയ്താൽ അക്രമികളെ തിരിച്ചറിയാനാകുമെന്നും അതിന് പോലീസ് തയ്യാറാകണമെന്നും ലീഗ് ആവശ്യപ്പെട്ടു.

എം.എ. അസൈനാർ, പി.പി. അയൂബ്, അബ്ദുള്ള മാടക്കര, സി.കെ. ഹാരിഫ്, വി. ഉമ്മർഹാജി, ഷബീർ അഹമ്മദ്, കണക്കയിൽ മുഹമ്മദ്, കോണിക്കൽ ഖാദർ, സി. അസൈനു, മുസ്തഫ കണ്ണോത്ത് തുടങ്ങിയവർ സംസാരിച്ചു.

ലീഗ് നടത്തുന്നത് അപവാദപ്രചാരണം -സി.പി.എം.

മുൻ നഗരസഭാംഗത്തെ റോഡരികിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഈ സംഭവത്തിൽ മുസ്‌ലിംലീഗ് നടത്തുന്നത് സി.പി.എമ്മിനെതിരേയുള്ള അപവാദ പ്രചാരണമാണെന്നും സി.പി.എം. ബത്തേരി ഏരിയാകമ്മിറ്റി. 2015-20 വർഷം ബത്തേരി നഗരസഭാംഗമായിരുന്ന തേലമ്പറ്റയിലെ ടി.കെ. ജയപ്രകാശിനെയാണ് തൊടുവട്ടിക്കടുത്ത് പരിക്കേറ്റനിലയിൽ കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും സമീപത്ത് മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ ജയപ്രകാശ് ചികിത്സയിലാണ്. പരിക്കേറ്റത് എങ്ങനയെന്ന് വ്യക്തമാകേണ്ടതുണ്ട്. ഇതിനിടെ സംഭവത്തിൽ സി.പി.എമ്മിനെ പഴിചാരാൻ മുസ്‌ലിംലീഗ് അടക്കമുള്ള രാഷ്ട്രീയപ്പാർട്ടികൾ തയ്യാറായത് പ്രതിഷേധാർഹമാണ്. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് ജയപ്രകാശിനെ പുറത്താക്കിയത്.

സംഭവവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നിരിക്കേ ആസൂത്രിതമായുള്ള കള്ളപ്രചാരണങ്ങൾ തള്ളണമെന്നും ഏരിയാകമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അപായപ്പെടുത്താൻ ശ്രമിച്ചവരെ പിടികൂടണം- ബി.ജെ.പി.

ബത്തേരി നഗരസഭയിലെ മുൻ കൗൺസിലറും പൊതുപ്രവർത്തകനുമായ തേലമ്പറ്റ പ്രകാശനെ ആക്രമിച്ചവരെ പിടികൂടണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

ഗുരുതരമായ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന പ്രകാശനെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, നേതാക്കളായ സുരേന്ദ്രൻ ആവേത്താൻ, ടി.എൻ. വിജയൻ, വത്സൻ തോട്ടാമൂല, പി.ആർ. ലക്ഷ്മണൻ എന്നിവർ സന്ദർശിച്ചു.

Content Highlights: Former Sultan Bathery councilor Jayaprakash found injured at Thelambatta., Victim alleges two people attacked him while he was riding a scooter