'മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്യണം'; ഭയന്നുവിറച്ച് 76-കാരൻ; സൈബർ തട്ടിപ്പ് പൊളിച്ച് ബാങ്ക് ജീവനക്കാർ

ഫെഡറല്‍ ബാങ്ക് തവനൂര്‍ ശാഖയിലെ ജീവനക്കാര്‍
ഫെഡറല്‍ ബാങ്ക് തവനൂര്‍ ശാഖയിലെ ജീവനക്കാര്‍

മലപ്പുറം: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയ വയോധികന് രക്ഷകരായി ഫെഡറല്‍ ബാങ്ക് തവനൂര്‍ ശാഖയിലെ ജീവനക്കാര്‍. ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വയോധികന്റെ അക്കൗണ്ടിലെ പണം നഷ്ടമായില്ല. മുംബൈ പോലീസെന്ന വ്യാജേന ബന്ധപ്പെട്ട് 76-കാരന്റെ അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കൃത്യമായ ഇടപെടലിലൂടെ ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പൊളിച്ചത്. 

തിങ്കളാഴ്ച ബാങ്കിലെത്തിയ വയോധികന്‍ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടാണ് ജീവനക്കാരെ സമീപിച്ചത്. അതിനാല്‍തന്നെ ആദ്യം സംശയമൊന്നും തോന്നിയില്ല. എന്നാല്‍, പിന്നീട് തന്റെ തവനൂര്‍, മുംബൈ ശാഖകളിലെ അക്കൗണ്ടുകളിലെ പണം മുഴുവനും ഉടനടി മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് അക്കൗണ്ടുകളിലുമായി ഏകദേശം ആറുലക്ഷം രൂപയാണുണ്ടായിരുന്നത്. ഇത്രയും തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പന്തികേട് തോന്നിയ ജീവനക്കാര്‍ മാനേജരുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് മാനേജര്‍ പി.കെ. ശശികുമാര്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ 76-കാരന് ഒരു വീഡിയോകോള്‍വന്നു. ഭയന്നുവിറച്ചാണ് അദ്ദേഹം ഫോണെടുത്തത്. ആരാണ് ഫോണ്‍ചെയ്തതെന്ന് മാനേജര്‍ ചോദിച്ചപ്പോള്‍ മുംബൈ പോലീസാണെന്നായിരുന്നു വയോധികന്റെ മറുപടി. ഇതോടെ പന്തികേട് തോന്നിയ മാനേജര്‍ ഫോണ്‍ വാങ്ങി സംസാരിച്ചു. 

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച ഒരാളായിരുന്നു മറുതലയ്ക്കലിലുണ്ടായിരുന്നത്. ഒരു ഓഫീസ് പശ്ചാത്തലത്തിലിരുന്നാണ് ഇയാള്‍ വീഡിയോകോളില്‍ സംസാരിച്ചിരുന്നത്. വയോധികന്‍ നാലുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്നും കേസ് കഴിയുന്നത് വരെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെ പണം കേന്ദ്രപൂള്‍ അക്കൗണ്ടിലേക്ക് മാറ്റേണ്ടതുണ്ടെന്നും വ്യാജപോലീസുകാരന്‍ മാനേജരോട് പറഞ്ഞു. എന്നാല്‍, കേസുണ്ടെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കാനാണല്ലോ പോലീസോ കോടതിയോ ആവശ്യപ്പെടാറുള്ളതെന്ന് മാനേജര്‍ തിരികെ ചോദിച്ചു. ഇതോടെ വ്യാജപോലീസുകാരന്‍ മാനേജരെയും ഭീഷണിപ്പെടുത്തി. പണം ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ മാനേജര്‍ക്കെതിരേയും കേസെടുക്കുമെന്നായിരുന്നു ഭീഷണി.

സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ മാനേജര്‍ ബാങ്കിന്റെ മലപ്പുറം റീജിയണല്‍ മേധാവിയായ അനൂപ് ലാലിനെ ബന്ധപ്പെട്ടു. വിവരം എത്രയും പെട്ടെന്ന് പോലീസില്‍ അറിയിക്കാനും അക്കൗണ്ടുകള്‍ തത്കാലത്തേക്ക് മരവിപ്പിക്കാനുമായിരുന്നു നിര്‍ദേശം. രണ്ടുംചെയ്യാമെന്ന് വയോധികനും സമ്മതിച്ചു. തുടര്‍ന്ന് തവനൂര്‍, മുംബൈ ശാഖകളിലെ അക്കൗണ്ടുകള്‍ തത്കാലത്തേക്ക് മരവിപ്പിക്കുകയും പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.

അതേസമയം, തട്ടിപ്പുകാര്‍ വിളിച്ച നമ്പറില്‍ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. അക്കൗണ്ടുകളിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ചതിന് ഫെഡറല്‍ ബാങ്ക് തവനൂര്‍ ശാഖയിലെ ജീവനക്കാര്‍ക്കും മാനേജര്‍ പി.കെ. ശശികുമാറിനും നന്ദി അറിയിച്ചാണ് വയോധികന്‍ മടങ്ങിയത്. 

സാധാരണ ഇത്തരം തട്ടിപ്പുകാര്‍ ഇരകളല്ലാതെ മറ്റൊരെങ്കിലും ഫോണില്‍ സംസാരിച്ചാല്‍ വേഗത്തില്‍ ഫോണ്‍ കട്ട് ചെയ്യാറാണ് പതിവ്. എന്നാല്‍, തവനൂരിലെ സംഭവത്തില്‍ തട്ടിപ്പുകാര്‍ ബാങ്ക് മാനേജരുമായി സംസാരിക്കാന്‍ ശ്രമിച്ചെന്നും ഇത് പതിവില്ലാത്തതാണെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. 

Content Highlights: Federal Bank employees in Thavanoor prevented a ₹6 lakh cyber fraud attempt against a 76-year-old