വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി പ്രവാസിയെ കൊള്ളയടിച്ചു; റോഡില്‍ തള്ളി കടന്നു

പ്രതീകാത്മക ചിത്രം | Photo: UNI
പ്രതീകാത്മക ചിത്രം | Photo: UNI

ന്യൂഡല്‍ഹി: കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയ രണ്ടുപേര്‍ വിമാനത്താവളത്തില്‍ പ്രവാസിയെ കൊള്ളയടിച്ചു. സൗദി അറേബ്യയില്‍നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അജ്മീര്‍ സ്വദേശിയായ മുഹമ്മദ് സുലൈമാനാണ്(53) കവര്‍ച്ചയ്ക്കിരയായത്. 

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ രണ്ടുപേര്‍ വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി 19,000 റിയാലും രണ്ടായിരം രൂപയും മൊബൈല്‍ഫോണും തട്ടിയെടുത്തെന്നാണ് സുലൈമാന്റെ പരാതി. 

ഞായറാഴ്ച രാവിലെ സൗദിയില്‍നിന്നെത്തിയ സുലൈമാന്‍ വിമാനത്താവളത്തിനുള്ളിലെ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി രണ്ടുപേര്‍ എത്തിയത്. ഇവര്‍ പ്രവാസിയെ പാര്‍ക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോയി. പാസ്‌പോര്‍ട്ടും മറ്റുരേഖകളും ചോദിച്ചുവാങ്ങി. ഇതിനുപിന്നാലെ സുലൈമാനെ കാറില്‍ കയറ്റി മഹിപാല്‍പുര്‍ ഭാഗത്തേക്ക് കൊണ്ടുപോയി. വാഹനം വിജനമായ സ്ഥലത്ത് എത്തിയതോടെ സുലൈമാന്റെ മൊബൈല്‍ഫോണും കൈയിലുണ്ടായിരുന്ന വിദേശകറന്‍സിയും പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. ശേഷം തന്നെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


 

Content Highlights: expat robbed outside of delhi airport