കാലിത്തീറ്റ ഗോഡൗണിന്റെ മറവിൽ വൻ ഹാൻസ് ശേഖരം; 26 ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി

പെരുമ്പാവൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായി പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി. ഒരുകോടി 30 ലക്ഷം രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
'ഓപ്പറേഷൻ തണ്ടർ' എന്ന പേരിൽ കോട്ടയത്ത് നടത്തിയ പരിശോധനയിൽ കോടികളുടെ ഹാൻസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെരുമ്പാവൂരിലെ കേന്ദ്രത്തെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്.
പെരുമ്പാവൂർ ലോറി സ്റ്റാൻഡിനോട് ചേർന്നുള്ള, പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലാണ് പരിശോധന നടന്നത്. കാലിത്തീറ്റ എന്ന വ്യാജേന ഹാൻസ് ചാക്കുകളിൽ ആക്കി രാത്രികാലങ്ങളിൽ ലോറിയിലും മറ്റുമായി ഗോഡൗണിൽ എത്തിച്ച് സൂക്ഷിച്ചുവരികയായിരുന്നു. ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന ഗോഡൗൺ കെട്ടിടത്തിന്റെ താഴ് പൊട്ടിച്ച് നടത്തിയ പരിശോധനയിൽ ആണ് ഇത്രയും അധികം ഹാൻസ് ശേഖരം പിടികൂടിയത്. ഇവിടെനിന്ന് 26,250 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.
കേസുമായി ബന്ധപ്പെട്ട് കോട്ടയം, കൊല്ലം സ്വദേശികളായ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും എക്സൈസ് അറിയിച്ചു.
എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, പെരുമ്പാവൂർ എക്സൈസ് റേഞ്ച് ടീം എന്നിവർ ചേർന്നാണ് മിന്നൽ റെയ്ഡ് നടത്തിയത്.
എക്സൈസ് കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർമാർ പ്രമോദ് എം.പി., ഫിലിപ്പ് തോമസ്, പെരുമ്പാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കെ.പി., എക്സൈസ് ഇൻസ്പെക്ടർമാർ സബ്ബിൻ ടി., രാജേഷ് കുമാർ, എറണാകുളം ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ജിമ്മി, പ്രിവന്റീവ് ഓഫീസർമാരായ സുനിൽ പി.എസ്., അൻവർ എ.എ., സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്, വേലായുധൻ, മുരളി കൃഷ്ണ, സി.ഇ.ഒ. ഡ്രൈവർമാരായ അനീഷ് കുമാർ, ബിജോ ഡൊമിനിക്ക എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Content Highlights: Excise department seized 26,250 packets of Hans worth Rs 26.5 lakh in Perumbavoor., The raid was conducted as part of the continuation of a 1.3 crore fake tobacco bust., Goods were smuggled and stored in locked warehouses disguised as cattle feed., Suspects from Kottayam and Kollam have been identified, and a manhunt is underway.