സ്‌കൂളില്‍ എക്‌സൈസ് പരിശോധന; സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ കഞ്ചാവ്; അഞ്ചുപേര്‍ പിടിയില്‍

കൊച്ചി: കോതമംഗലത്തെ സ്വകാര്യ സ്‌കൂളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ സാജു ബിജുവിന്റെ മുറിയില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. പിടിയിലായ അഞ്ചുപേരും വാടാട്ടുപാറ സ്വദേശികളാണ്.
വര്‍ഷങ്ങളായി സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യുന്ന സാജു, ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ സാജു എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി എക്‌സൈസ് സംഘം ഇയാളുടെ മുറിയില്‍ പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ എക്‌സൈസ് സംഘത്തെ കണ്ട് സാജു ഓടിരക്ഷപ്പെട്ടു. ഇതിനിടെയാണ്, കഞ്ചാവ് വാങ്ങാനെത്തിയതെന്ന് കരുതുന്ന അഞ്ചുയുവാക്കളെ കസ്റ്റഡിയിലെടുത്തത്.
സെക്യൂരിറ്റി ജീവനക്കാരനായ സാജു സ്‌കൂള്‍ വളപ്പിലെ മുറിയില്‍തന്നെയാണ് താമസിച്ചിരുന്നത്. രാത്രിസമയങ്ങളില്‍ പുറത്തുനിന്നുള്ള പലരും ഇയാളുടെ മുറിയില്‍ കഞ്ചാവ് വാങ്ങാന്‍ എത്തിയിരുന്നതായാണ് എക്‌സൈസ് നല്‍കുന്നവിവരം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിറ്റിരുന്നതായും സംശയമുണ്ട്. മാത്രമല്ല, പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇയാള്‍ സ്‌കൂള്‍ വളപ്പില്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള സൗകര്യം ചെയ്തുനല്‍കിയിരുന്നതായും എക്‌സൈസ് പറഞ്ഞു.
രക്ഷപ്പെട്ട സാജുവിനെ കണ്ടെത്താനായി എക്‌സൈസ് സംഘം പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
Content Highlights: excise seized ganja from a private school in kothamangalam