പിണങ്ങിപ്പോയ ഭാര്യ തിരികെ വന്നില്ല; അയൽവാസികളുടെ വാഹനങ്ങൾക്ക് ഭർത്താവ് തീയിട്ടു

വൈദ്യനാഥൻ
വൈദ്യനാഥൻ

ഈറോഡ്: പിണങ്ങിപ്പോയ ഭാര്യ തിരികെവരാൻ വിസമ്മതിച്ചതിൽ കുപിതനായ യുവാവ് അയൽവീട്ടിലെ വാഹനങ്ങൾ തീയിട്ടു. സംഭവത്തിൽ കടലൂർ ജില്ലയിലെ കുറിഞ്ചിപാടിയിൽ താമസിക്കുന്ന വൈദ്യനാഥനെ (32) പെരുന്തുറ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യനാഥനും ഭാര്യ ഗായത്രിയും (30) കുടുംബപ്രശ്‌നം കാരണം കുറച്ചുനാളായി വേർപിരിഞ്ഞ് താമസിക്കയാണ്.

ഗായത്രി പെരുന്തുറൈ മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം വൈദ്യനാഥൻ ഗായത്രിയെ വിളിച്ചുകൊണ്ടുപോകാൻ ഇവിടെയെത്തി. എന്നാൽ, ഗായത്രി പോകാൻ തയാറായില്ല. ഇതോടെ വൈദ്യനാഥൻ തൊട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടിയെങ്കിലും ആരും തയ്യാറായില്ല.

ഇതിൽ കുപിതനായ വൈദ്യനാഥൻ രാത്രി എല്ലാവരും ഉറങ്ങിയശേഷം ഗായത്രി താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത മൂന്നുപേരുടെ ഇരുചക്ര വാഹനങ്ങൾക്കും മറ്റൊരാളുടെ കാറിനും തീയിട്ടശേഷം രക്ഷപ്പെട്ടു. പുകയും തീയും പടരുന്നത് കണ്ട വീട്ടുകാർ ഉടൻ അഗ്‌നിശമനസേനയെ വിവരമറിയിച്ചു.

അവരെത്തി തീയണച്ചെങ്കിലും വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വീട്ടുകാരുടെ പരാതിയിൽ പെരുന്തുറൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദ്യനാഥൻ പിടിയിലായത്. ഇയാൾ പോലീസിനോട് കുറ്റംസമ്മതിച്ചു.

Content Highlights: Furious over his wife`s refusal to return, a man set fire to vehicles in Erode