മരിക്കുംമുൻപ് അനുശ്രീയുടെ വീഡിയോകോൾ, ലോഡ്ജിൽനിന്ന് കൂട്ടുകാർക്ക് ലൊക്കേഷനയച്ച് അമൽ; ഫോൺ പരിശോധിക്കും

ഉദുമ/ഇരിട്ടി/കൊച്ചി: പ്രതിശ്രുത വധൂവരന്മാർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പരിശോധനയ്ക്ക് പോലീസ്. ഇരുവരുടേയും മൊബൈൽ ഫോണുകൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. രണ്ടുമാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ ഇവർ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ജീവനൊടുക്കിയത്. ഇരുവരുടെയും വിവാഹം ഡിസംബർ 26-ന് നടക്കാനിരിക്കുകയായിരുന്നു.
കാസർകോട് പൂച്ചക്കാട്ടെ പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമൽ (26) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. അനുശ്രീ കർണാടകയിലെ ഹുൻസൂരിലും അമൽ എറണാകുളത്തും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരാണ്. അനുശ്രീയെ ഹുൻസൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടൽമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീഡിയോ കോളിന് പിന്നാലെയായിരുന്നു ഇരുവരുടേയും മരണം.
ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ബാങ്കിൽ ജോലി ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു സംഭവം. ഈ സമയത്ത് അനുശ്രിയുമായി ഫോണിൽ കൂടി സംസാരിച്ചെന്നും ആ സമയം അമൽ വിളിച്ച കാര്യം പറഞ്ഞിരുന്നുവെന്നും അനുശ്രിയുടെ സഹോദരി പറഞ്ഞു. എന്നാൽ, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.
രാവിലെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും അനുശ്രീ ഫോൺ എടുത്തില്ല. തുടർന്ന് അയൽവാസികളെ വിളിച്ചുപറയുകയായിരുന്നു. അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് അനുശ്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹുൻസൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
അമൽ, പാലാരിവട്ടത്താണ് താമസിച്ചിരുന്നത്. അനുശ്രീ മരിച്ചതറിഞ്ഞ അമൽ ബുധനാഴ്ച രാവിലെ 8.45-ഓടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ശേഷം തന്റെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. എന്താണ് സംഭവമെന്നറിയാൻ സുഹൃത്തുക്കൾ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അമലിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എറണാകുളം നോർത്ത് പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.
അനുശ്രീയുടെ അച്ഛൻ: കെ. ചന്ദ്രൻ (മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി, നീലേശ്വരം). അമ്മ: റീന. സഹോദരി: ശ്രീലക്ഷ്മി.
അമലിന്റെ അച്ഛൻ: സുധാകരൻ. അമ്മ: എ. അനിത. സഹോദരി: നക്ഷത്ര.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ്പ് ലൈനിലേക്ക് വിളിക്കുക: 1056, 0471-2552056)
Content Highlights: Engaged couple Anushree and Amal found dead in separate locations hours apart., Both were working as State Bank officers in Karnataka and Ernakulam., Tragedy occurred following a video call, prior to their scheduled December 26 wedding., Police are conducting a detailed mobile phone investigation into the deaths.