വയോധികയ്ക്ക് ക്രൂരപീഡനം, ഒറ്റയ്ക്ക് നേരിട്ട് ഭർത്താവ്; അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിൽ ആത്മഹത്യാശ്രമം

പ്രതി നജീം
പ്രതി നജീം

ആര്യനാട്: വയോധികയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിനു കൈമാറി. ആര്യനാട് മലയടിയിൽ ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ആര്യനാട് മലയടി സ്വദേശിനിയായ 69-കാരിക്കാണ് ക്രൂരമായ പീഡനമേറ്റത്.

ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യനാട് പറണ്ടോട് സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ നജീം (26) ആണ് വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇവരെ പീഡിപ്പിച്ചത്.

മത്സ്യക്കച്ചവടത്തിനുശേഷം ഇവരുടെ വീടിനടുത്താണ് ഇയാൾ സ്ഥിരമായി വാഹനം നിർത്തിയിടുന്നത്. പതിവുപോലെ ബുധനാഴ്ചയും ഇവിടെ എത്തിയപ്പോൾ വയോധികയെ ഒറ്റയ്ക്കു കാണുകയും വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയുമായിരുന്നു. പുറത്തുപോയിരുന്ന വയോധികയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ നജീം ഉപദ്രവിക്കുന്നതു കണ്ടത്. തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് ബഹളംകൂട്ടി നാട്ടുകാരെ വിളിച്ചുവരുത്തി നജീമിനെ ആര്യനാട് പോലീസിനു കൈമാറി.

ഇതിനിടെ നജീം പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് പൊട്ടിച്ചെടുത്ത് കാലിലും കഴുത്തിലും കെട്ടി വലിച്ചുമുറുക്കിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പോലീസുകാർ ഇതു കണ്ടതിനാൽ വേഗം ഇലാസ്റ്റിക് മുറിച്ച് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

Content Highlights: Elderly Woman Assaulted in Aryanad, Kerala: Accused Apprehended by Husband and Locals