തനിച്ചാക്കി അകലാൻ വയ്യ...; പേരക്കുട്ടികളുടെ ഊഞ്ഞാലിൽ ജീവിതമൊടുക്കി അയ്യപ്പനും കല്യാണിയും

#ന്യൂസ് ഡെസ്ക്ക്
അയ്യപ്പനും കല്യാണിക്കുട്ടിയും
അയ്യപ്പനും കല്യാണിക്കുട്ടിയും

മണ്ണാർക്കാട്: പേരക്കുട്ടികൾ ആടിക്കളിച്ചിരുന്ന ഊഞ്ഞാലിന്റെ കയറിൽ ജീവിതം കുരുക്കിയിട്ട് അയ്യപ്പനും (86) ഭാര്യ കല്യാണിക്കുട്ടിയും (76) യാത്രയായി. വിശ്രമജീവിതത്തിൽ ഇരുവരെയും ഒരുമിച്ചുമാത്രമേ ബന്ധുക്കൾ കണ്ടിട്ടുള്ളൂ. കാലുവേദനയെതുടർന്ന് വടികുത്തിനടന്നിരുന്ന കല്യാണിക്കുട്ടിയുടെ താങ്ങായി എപ്പോഴും അയ്യപ്പനുണ്ടായിരുന്നു. ഒരാളെ തനിച്ചാക്കിപ്പോവാൻ ഇഷ്ടമില്ലാതിരുന്നതിനാലാവണം ഇരുവരും ഒരേ ഊഞ്ഞാൽക്കയറിന്റെ രണ്ടറ്റത്തായി ജീവനൊടുക്കിയത്.

മഞ്ചേരിയിലെയും നാട്ടുകല്ലിലെയും നാലുചക്രവാഹന വർക്‌ഷോപ്പുകളിൽ മെക്കാനിക്കായിരുന്നു അയ്യപ്പൻ. ആൺമക്കൾ മൂന്നുപേരും ആവഴിതന്നെയാണ് തിരഞ്ഞെടുത്തത്. മക്കളും പണിക്കുപോയിത്തുടങ്ങിയതോടെ പത്തിരുപത് കൊല്ലമായി വിശ്രമജീവിതത്തിലായിരുന്നു. വാർധക്യം ശരീരത്തെ ബാധിച്ചതോടെ അയ്യപ്പൻ വിഷണ്ണനായിരുന്നെന്ന് മകൻ രാജൻ പറയുന്നു. അച്ഛന്റെ അവശതയേക്കാൾ അമ്മയുടെ പ്രമേഹവും കൈകാൽ പുകച്ചിലുമൊക്കെയാവാം ഇരുവരെയും മാനസികമായി അവശരാക്കിയതെന്നും രാജൻ പറയുന്നു. ഒരുമാസം മുമ്പാണ് കല്യാണിക്കുട്ടിയുടെ സഹോദരൻ വേലായുധൻ മരിച്ചത്. അവിടെയും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

ആണ്ടിപ്പാടത്തെ വർക്‌ഷോപ്പ് ജീവനക്കാരനായ രാജനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാജന്റെ ഭാര്യയും മകനും അവരുടെ വീട്ടിലേക്ക് പോയിരുന്നു. “തിങ്കളാഴ്ച മൂന്നുമണിക്ക് വീട്ടിലെത്തിയപ്പോൾ മുന്നിലെയും പിന്നിലെയും വാതിലുകൾ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരും തൂങ്ങിനിൽക്കുന്നത് കണ്ടത്” -രാജൻ പറഞ്ഞു. വിവരമറിയിച്ചതിനെത്തുടർന്ന് അയൽവാസികളെത്തി. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.

വാർധക്യസഹജമായ അസുഖംമൂലമുള്ള മനോവിഷമത്താൽ ഇരുവരും ആത്മഹത്യചെയ്തതായാണ് പ്രാഥമിക നിഗമനമെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ മണ്ണാർക്കാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മറ്റുമക്കൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ, ജയസുധ. മരുമക്കൾ: ഭാസ്‌കരൻ, വിജയലക്ഷ്മി, സുനിത, സുജിന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ഫോൺ: 1056, 0471-2552056).

Content Highlights: Elderly couple (86 and 76) found dead in a suspected suicide pact