46 മുറിവുകൾ, ചാക്കിൽക്കെട്ടിയ മൃതദേഹം; നരബലിയെന്ന് സംശയം, പക്ഷേ, ഷാഫിയുടെ കാര്യത്തിൽ വ്യക്തതയില്ല

ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍. ഇന്‍സെറ്റില്‍ 2014-ല്‍ കൊല്ലപ്പെട്ട സരോജനി
ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍. ഇന്‍സെറ്റില്‍ 2014-ല്‍ കൊല്ലപ്പെട്ട സരോജനി

പത്തനംതിട്ട: ഒമ്പതുവര്‍ഷംമുമ്പ് ഇലന്തൂര്‍ നെല്ലിക്കാല പതാലില്‍ കോളനിയില്‍ സരോജിനി (59) കൊല്ലപ്പെട്ട സംഭവത്തില്‍ നരബലിസംശയിച്ച് ക്രൈംബ്രാഞ്ച്.

ശരീരമാസകലം വെട്ടേറ്റ് ചാക്കില്‍ക്കെട്ടി തോടിന്റെ കരയില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇലന്തൂര്‍ നരബലിക്കേസിലെ രണ്ടാംപ്രതി ഭഗവല്‍സിങ്, മൂന്നാംപ്രതി ഭാര്യ ലൈല എന്നിവരെ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി ചോദ്യംചെയ്തു.

പ്രാഥമിക ചോദ്യംചെയ്യലില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പിക്കാനാവുന്ന വിവരങ്ങള്‍ കിട്ടിയില്ലെന്നും എന്നാല്‍, അന്വേഷണം തുടരുമെന്നും സംഘം അറിയിച്ചു.

2014 സെപ്റ്റംബര്‍ 14-നാണ് മൃതദേഹം കണ്ടെത്തിയത്. ഭഗവല്‍സിങ്ങിന്റെ വീട്ടില്‍നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെയാണ് സരോജിനി താമസിച്ചിരുന്നത് എന്നതാണ് ക്രൈംബ്രാഞ്ചിന്റെ സംശയത്തിനുള്ള കാരണം. 46 മുറിവുകളുണ്ടായിരുന്ന മൃതദേഹം അഴുകിയനിലയിലാണ് കണ്ടെത്തിയത്. ഇലന്തൂരില്‍ നരബലിക്കിടെ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹത്തോട് കാട്ടിയ അനാദരവ് ഇതിലുമുണ്ടായിരുന്നു.

എന്നാല്‍, 2014-ല്‍ ഷാഫി ഈ സംഘത്തില്‍ ഉണ്ടായിരുന്നോ എന്നതിന് വ്യക്തതയില്ലാത്തതാണ് നരബലി എന്ന് ഉറപ്പിക്കുന്നതില്‍നിന്ന് കേസിനെ പിന്നാക്കംവലിക്കുന്നത്.

2014-ല്‍ പന്തളം പോലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. 2018-ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ദീര്‍ഘകാലമായി തെളിയാതെകിടക്കുന്ന കേസുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ സരോജിനി കൊലക്കേസ് അന്വേഷണം സജീവമാക്കിയത്. പുല്ലാട് രമാദേവി കൊലക്കേസില്‍ ഭര്‍ത്താവായ പ്രതിയെ 17 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്ത ക്രൈംബ്രാഞ്ച് സംഘമാണ് സരോജിനി കൊലക്കേസ് അന്വേഷിക്കുന്നത്.

Content Highlights: elanthoor sacrifce crime branch suspects human sacrifice in sarojini murder case