റോസ്ലിന്റെ കഴുത്ത് വെട്ടിയത് ലൈലയെന്ന് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷ കോടതി തള്ളി

ലൈല | ഫയല്‍ചിത്രം | മാതൃഭൂമി
ലൈല | ഫയല്‍ചിത്രം | മാതൃഭൂമി

കൊച്ചി: നരബലിക്കേസില്‍ മൂന്നു പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. കളമശ്ശേരിയില്‍ പോലീസ് കേന്ദ്രത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. കാലടി സ്വദേശി റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്നു പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

അതിനിടെ ജാമ്യം വേണമെന്ന മൂന്നാം പ്രതി ലൈലയുടെ ആവശ്യം എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം തേടിയത്. ലൈല കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹര്‍ജിയില്‍ ലൈലയുടെ അഭിഭാഷകന്‍ വാദിച്ചു. ഒന്നാം പ്രതിയുടെ കുറ്റസമ്മതത്തില്‍ ലൈലയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല. എത് തരത്തിലുമുള്ള നിബന്ധനകളും അംഗീകരിക്കാന്‍ തയ്യാറാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഉള്‍പ്പെടെ കണ്ടെടുത്തത് ലൈലയുടെ മൊഴിയില്‍നിന്നാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, കൊലപാതകത്തില്‍ ലൈലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. റോസ്ലിന്റെ കഴുത്ത് വെട്ടിയത് ഒന്നാം പ്രതിയും ലൈലയും ചേര്‍ന്നാണ്. പത്മയുടെ കൊലപാതകവും ലൈലയുടെ സഹായത്തോടെയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Content Highlights: elanthoor human sacrifice case-laila bail plea