ഇലന്തൂർ നരബലിക്കേസ് പ്രതിയിൽനിന്ന് ഹാഷിഷ് പിടികൂടി;മടിക്കുത്ത് മുറുക്കിപ്പിടിച്ചത് സംശയത്തിനിടയാക്കി

#ന്യൂസ് ഡെസ്ക്
ഇലന്തൂർ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഭഗവൽ സിങ്ങും | Photo: മാതൃഭുമി
ഇലന്തൂർ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഭഗവൽ സിങ്ങും | Photo: മാതൃഭുമി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതിയുടെ പക്കൽനിന്ന് ഹാഷിഷ് പിടികൂടി. നരബലിക്കേസിൽ വിചാരണ നടക്കുന്ന കെട്ടിടത്തിൽനിന്ന് ഇറങ്ങിവരുന്ന സമയത്ത് സംശയം തോന്നിയ പോലീസ് പരിശോധിച്ചപ്പോഴായിരുന്നു ഹാഷിഷ് കണ്ടെത്തിയത്. മുണ്ടിന്റെ മടിക്കുത്തിൽ രണ്ട് ചെറു പ്ലാസ്റ്റിക് ബോട്ടിലുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഇടമലയാർ കോടതി) യിലാണ് നരബലിക്കേസിന്റെ വിചാരണ നടക്കുന്നത്.

കഴിഞ്ഞദിവസം വിചാരണയ്ക്കുശേഷം പ്രതി മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകാൻ താഴേക്ക് ഇറങ്ങുംവഴിയാണ് മുണ്ട് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയംതോന്നിയ പോലീസ് ഇയാളെ പരിശോധിക്കുകയും ആറ് ഗ്രാം ഹാഷിഷ് കണ്ടെത്തുകയുമായിരുന്നു. ഉടൻതന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പോലീസ് എത്തി ദേഹപരിശോധന പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാളെ പിന്നീട് ജയിലിലേക്ക് മാറ്റി. ശൗചാലയത്തിൽ പോയ സമയത്ത് ഹാഷിഷ് കൈമാറിയതാകാം എന്നാണ് പോലീസ് കരുതുന്നത്.

ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതിയാണ് പെരുമ്പാവൂർ വെങ്ങോല സ്വദേശി ഷാഫി. കൂട്ടുപ്രതികളായ ലൈലയെയും ഭർത്താവ് ഭഗവൽ സിങ്ങിനെയും കഴിഞ്ഞദിവസം വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചിരുന്നു.

ആലപ്പുഴ സ്വദേശി റോസ്ലിയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്.

Content Highlights: Hashish recovered from prime accused Mohammed Shafi during the Elanthoor human sacrifice trial., Contraband hidden in two small plastic bottles inside his mundu., Police conducted body search after noticing suspicious behavior at the court building in Panampilly Nagar., South Town Police registered an arrest following the judge's instructions.