പരസ്ത്രീബന്ധം ഭാര്യയെ അറിയിച്ചു; സുഹൃത്തിനെ തല ചുമരിലിടിച്ച് 3-ാംനിലയിൽനിന്ന് താഴേക്കെറിഞ്ഞുകൊന്നു

എടവണ്ണപ്പാറ: എടശ്ശേരിക്കടവിൽ വാടകക്വാട്ടേഴ്സിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി പ്രകാശ് ഡുംഡു (47) വിന്റെ കൊലപാതകത്തിലെ സുഹൃത്തിനെ പോലീസ് അറസ്റ്റുചെയ്തു.
ഝാർഖണ്ഡ് സ്വദേശിയായ സുഹൃത്ത് സുനിൽ കിറോ (38) ആണ് പ്രതി. ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ക്വാർട്ടേഴ്സിന് താഴെ ഡുംഡു മരിച്ചുകിടക്കുന്ന വിവരംകിട്ടി സ്ഥലത്തെത്തിയ പോലീസ് ആത്മഹത്യയാണെന്ന് ആദ്യം കരുതിയത്.
കൂടെ താമസിച്ചവരെ വിശദമായി ചോദ്യംചെയ്തപ്പോൾ സുശീൽ കുറ്റം സമ്മതിക്കുകയായിരുന്നു.
സുനിൽ കിറോയ്ക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഇയാളുടെ ഭാര്യയെ പ്രകാശ് ഡുഡു അറിയിച്ചിരുന്നു. ഇത് ചോദ്യംചെയ്യുകയും ഇരുവരുംതമ്മിൽ തർക്കത്തിലാവുകയുംചെയ്തു. പ്രകാശ് ഡുംഡുവിന്റെ തല ചുമരിൽ ഇടിച്ച് ബോധംകെടുത്തിയശേഷം ക്വാർട്ടേഴ്സിന്റെ മൂന്നാംനിലയിൽ അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
കൊണ്ടോട്ടി ഡിവൈ.എസ്.പി. ജോൺസന്റെ നേതൃത്വത്തിൽ അരീക്കോട് സി.ഐ. ഹരിദാസ്, വാഴക്കാട് എസ്.ഐ. സുരേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.