ജോലിയില്നിന്ന് പുറത്താക്കാന് കാരണം സുഹൃത്താണെന്ന് സംശയം, വെടിവെച്ച് കൊന്നു; കേസില് കുറ്റപത്രം

എടവണ്ണ(മലപ്പുറം): എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാന് ബാസില് (27) കൊല്ലപ്പെട്ട സംഭവത്തില് പോലീസ് കുറ്റപത്രം സമര്പ്പിച്ചു. 4598 പേജുകളുള്ള കുറ്റപത്രമാണ് ഇന്സ്പെക്ടര് പി. വിഷ്ണു മഞ്ചേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ചത്. കേസില് ആകെ എട്ടു പ്രതികളും 169 സാക്ഷികളുമുണ്ട്.
ഏപ്രില് 22-ന് (പെരുന്നാള്ദിവസം) രാവിലെ എട്ടോടെയാണ് റിദാന് ബാസിലിനെ വീടിനു സമീപമുള്ള പുലിക്കുന്ന് മലയില് വെടിയേറ്റു മരിച്ച നിലയില് കണ്ടത്. കേസിലെ ഒന്നാം പ്രതിയും റിദാന്റെ സുഹൃത്തുമായ എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന് മുഹമ്മദ് ഷാനെ (30) 24ന് പോലീസ് അറസ്റ്റുചെയ്തു. തുടര്ന്ന് കോഴിക്കോട് പറമ്പില് ബസാര് ബൈത്തുള് അജ്ന ഹൗസില് അഫ്നാസ് (29), മുണ്ടേങ്ങര മഞ്ഞളാംപറമ്പന് റഹ്മാന് ഇബ്നു ഹൗഫ് (റൗഫ് -29), തിരുവാലി പുളിയക്കോടന് അനസ് (31), ഒന്നാം പ്രതിയുടെ സഹോദരന് കൊളപ്പാടന് മുഹമ്മദ് നിസാം (32), നിസാമിന്റെ ഭാര്യ ഫെമി (23), ഒന്നാംപ്രതി ഷാന് തോക്ക് നല്കിയ യു.പി. ഹാപ്പൂര് ജില്ലയിലെ ഖുറാന സ്വദേശി ഖുര്ഷിദ് ആലം (44) എന്നിവരെ ഗൂഢാലോചന നടത്തിയതിനും തോക്കു വാങ്ങാന് സാമ്പത്തികസഹായം നല്കിയതിനുമുള്പ്പെടെയുള്ള കുറ്റങ്ങള്ക്കും അറസ്റ്റുചെയ്തു.
മമ്പാട്ടെ പ്രവാസി വ്യവസായിയുടെ ബിസിനസ് നോക്കി നടത്തിയിരുന്നത് ഒന്നാംപ്രതി മുഹമ്മദ് ഷാനായിരുന്നു. വ്യവസായിയുടെ സഹായത്തോടെ മുണ്ടേങ്ങരയില് 3000 ചതുരശ്ര അടി വിസ്തീര്ണമുള്ള വീടു നിര്മാണവും ഷാന് തുടങ്ങിയിരുന്നു. എന്നാല് മുന്നറിയിപ്പില്ലാതെ ഷാനെ ജോലിയില്നിന്ന് പുറത്താക്കി. ഇതോടെ പ്രതി സാമ്പത്തികമായി തകരുകയും വീടു നിര്മാണം നിലയ്ക്കുകയുംചെയ്തു. ഇതിനു പിന്നില് റിദാനാണെന്ന് ഷാന് സംശയിച്ചു. ഇതോടെ റിദാനെ കൊല്ലാന് പദ്ധതി തയ്യാറാക്കുകയായിരുന്നു. വാടകക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഏപ്രില് 21-ന് രാത്രി ഒന്പതോടെ പ്രതി റിദാനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സ്കൂട്ടറില് കയറ്റി റിദാന്റെ വീടിനുസമീപമുള്ള കുന്നിന്മുകളിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്നുവെന്നാണ് കേസ്. ഏഴു റൗണ്ട് വെടിവെച്ചെങ്കിലും മൂന്നെണ്ണമാണ് ശരീരത്തില് തറച്ചത്. തോക്ക് പ്രതിയുടെ വീടിനു പിന്നിലെ വിറകുപുരയില് ഒളിപ്പിച്ച നിലയില് പിന്നീട് കണ്ടെത്തി.
കേസ് രജിസ്റ്റര്ചെയ്ത് എണ്പത്തിയെട്ടാം ദിവസമാണ് കുറ്റപത്രം നല്കിയത്. ഷാബാ ഷെരീഫ് വധക്കേസ് അന്വേഷിച്ച സംഘമാണ് ഈ കേസും അന്വേഷിച്ചത്. ഷാബാ ഷെരീഫ് വധക്കേസിലും 89 ദിവസം കൊണ്ട് പോലീസ് കുറ്റപത്രം സമര്പ്പിച്ചിരുന്നു.
റിദാന് ബാസില് വധക്കേസില് മഞ്ചേരി സെഷന്സ് കോടതി വൈകാതെ വിചാരണ തുടങ്ങും. ഫൊറന്സിക്, സൈബര് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് നിലമ്പൂരില് ക്യാമ്പുചെയ്ത് നേരിട്ടാണ് നേതൃത്വം വഹിച്ചത്. ഡിവൈ.എസ്.പിമാരായ സാജു കെ. അബ്രഹാം, സന്തോഷ് കുമാര്, കെ.എം. ബിജു, എടവണ്ണ ഇന്സ്പെക്ടര് വി. വിജയരാജന് എന്നിവരുടെ മേല്നോട്ടത്തില് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
Content Highlights: edavanna ridhan basil murder case police submitted charge sheet