ബെറ്റിങ് ആപ്പ് കേസ്; സോനുവിന്റെയും മിമിയുടെയും യുവരാജിന്റെയും ഉൾപ്പെടെ ആസ്തികൾ കണ്ടുകെട്ടി ഇഡി

മുംബൈ: നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിനിമ, ക്രിക്കറ്റ്, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). നടൻ സോനു സൂദ്, തൃണമൂൽ കോൺഗ്രസ് മുൻ എംപി മിമി ചക്രവർത്തി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിൻ ഉത്തപ്പ എന്നിവരടക്കമുള്ളവരുടെ ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്.
ബോളിവുഡ് നടി നേഹ ശർമ, നടി ഉർവശി റൗട്ടേലയുടെ അമ്മ, ബംഗാളി നടൻ അങ്കുഷ് ഹസ്ര എന്നിവരുടെ സ്വത്തുക്കളും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഫെഡറൽ അന്വേഷണ ഏജൻസി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം കണ്ടുകെട്ടിയിട്ടുണ്ട്.
യുവരാജ് സിങിന്റെ ഏകദേശം 2.5 കോടി രൂപയുടെയും ഉർവശി റൗട്ടേലയുടെ അമ്മയുടെ 2.02 കോടി രൂപയുടെയും നേഹ ശർമ്മയുടെ 1.26 കോടി രൂപയുടെയും ആസ്തികൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കൂടാതെ സോനു സൂദിന്റെ ഒരു കോടി രൂപയുടെയും മിമി ചക്രവർത്തിയുടെ 59 ലക്ഷം രൂപയുടെയും അങ്കുഷ് ഹസ്രയുടെ 47 ലക്ഷം രൂപയുടെയും റോബിൻ ഉത്തപ്പയുടെ 8.26 ലക്ഷം രൂപയുടെ ആസ്തിയും ഉൾപ്പെടുന്നു.
നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ ഈ നടപടി. ക്യൂറാസോയിൽ രജിസ്റ്റർ ചെയ്ത 1xBet എന്ന ബെറ്റിങ് പ്ലാറ്റ്ഫോം ഉൾപ്പെട്ടതാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി ഈ സ്വത്തുക്കൾ 'കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച വരുമാനമായി' കണക്കാക്കി ഇടക്കാല ഉത്തരവിലൂടെ കണ്ടുകെട്ടിയത്.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഈ സെലിബ്രിറ്റികളെയെല്ലാം ഇഡി മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതിനുമുമ്പ് ഇതേ കേസിന്റെ ഭാഗമായി ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും 11.14 കോടി രൂപയുടെ ആസ്തികളും ഇഡി കണ്ടുകെട്ടിയിരുന്നു.
Content Highlights: Enforcement Directorate attaches assets of Yuvraj Singh, Sonu Sood, and other celebrities in a major illegal betting app money laundering case.