'ജയിലില്‍ അര്‍പ്പിതയുടെ ജീവന് ഭീഷണിയുണ്ട്, വെള്ളവും ഭക്ഷണവും പരിശോധിക്കണം'- സമ്മതിച്ച് ഇ.ഡി

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണത്തില്‍ അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). കഴിഞ്ഞദിവസം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ഇ.ഡി. അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജയിലില്‍ കഴിയുന്ന അര്‍പ്പിതയ്ക്ക് ജീവന് ഭീഷണിയുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. അര്‍പ്പിതയെ ഡിവിഷന്‍-ഒന്ന് തടവുകാരുടെ വിഭാഗത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നടിയുടെ അഭിഭാഷകന്റെ വാദങ്ങളെ ഇ.ഡി. അഭിഭാഷകനായ ഫിറോസ് എദുല്‍സിയും അംഗീകരിച്ചത്.
അര്‍പ്പിതയുടെ ജീവന് ഭീഷണിയുണ്ട്, അതിനാല്‍ ജയിലില്‍ നല്‍കുന്ന വെള്ളവും ഭക്ഷണവുമെല്ലാം അവര്‍ക്ക് കൊടുക്കുന്നതിന് മുമ്പ് പരിശോധിക്കണമെന്നും ഇ.ഡി. അഭിഭാഷകന്‍ പറഞ്ഞു. നാലില്‍ കൂടുതല്‍ തടവുകാരെ ഇവര്‍ക്കൊപ്പം താമസിപ്പിക്കരുതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, അധ്യാപകനിയമന അഴിമതിക്കേസില്‍ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി, അര്‍പ്പിത മുഖര്‍ജി എന്നിവരെ 14 ദിവസം കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പാര്‍ഥയുടെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടത്. ഓഗസ്റ്റ് 16-ന് വീണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കണം.
സി.ബി.ഐ. കേസിലും ഇ.ഡി കേസിലും പാര്‍ഥ ചാറ്റര്‍ജിക്കെതിരേ ഒരു സാക്ഷി പോലും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. മുന്‍ മന്ത്രി കോഴ ചോദിച്ചെന്ന് പറഞ്ഞ് ഒരാള്‍പോലും ഇതുവരെ രംഗത്തുവന്നിട്ടില്ല. അദ്ദേഹം കോഴ ആവശ്യപ്പെട്ട ഏതെങ്കിലും സാക്ഷിയെ അന്വേഷണ ഏജന്‍സികള്‍ക്ക് കാണിക്കാന്‍ കഴിയുമോ?, അതിനാല്‍ സി.ബി.ഐ. ഉന്നയിക്കുന്ന കുറ്റകൃത്യത്തിലും ആരോപണങ്ങളിലും പാര്‍ഥയ്ക്ക് പങ്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
ഇ.ഡി. കേസില്‍ ജൂലായ് 22-ന് നടന്ന റെയ്ഡില്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. അദ്ദേഹം ഇപ്പോള്‍ ഒരു രാഷ്ട്രീയ നേതാവും അല്ല. ആവശ്യപ്പെട്ടാല്‍ എം.എല്‍.എ. സ്ഥാനവും രാജിവെയ്ക്കും. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പാര്‍ഥയുടെ അഭിഭാഷകന്റെ വാദം. കുറ്റകൃത്യത്തില്‍ പങ്കില്ലാത്ത ഒരാളോട് എത്രതവണ ചോദ്യം ചോദിച്ചാലും അദ്ദേഹം സഹകരിക്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
അധ്യാപകനിയമന കുംഭകോണത്തില്‍ ജൂലായ് 23-നാണ് മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും സുഹൃത്ത് അര്‍പ്പിത മുഖര്‍ജിയെയും ഇ.ഡി. അറസ്റ്റ് ചെയ്തത്. അര്‍പ്പിതയുടെ ഫ്‌ളാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ അമ്പതുകോടിയോളം രൂപയും ഇ.ഡി. പിടിച്ചെടുത്തിരുന്നു.
Content Highlights: ed says in court arpita mukherjee life under threat and food and water should be tested