സ്റ്റേഷനിൽ ഊഞ്ഞാലാടി IP ബിനു, പോലീസ് വക ഓണക്കോടിയും; ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം വിവാദത്തിൽ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്റ്റേഷനിൽ ഓണമാഘോഷിച്ചതിൽ സ്പെഷ്യൽബ്രാഞ്ച് അന്വേഷണം തുടങ്ങി. പോലീസിന് നാണക്കേടായ സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണയാണ് അന്വേഷണത്തിന് നിർദേശിച്ചത്.
ജാമ്യവ്യവസ്ഥപ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കോർപ്പറേഷൻ മുൻ കൗൺസിലറും സി.പി.എം. നേതാവുമായ ഐ.പി. ബിനുവും കൂട്ടുപ്രതികളുമാണ് സ്റ്റേഷനിൽ ഓണമാഘോഷിച്ചത്. മ്യൂസിയം സ്റ്റേഷനിലെ ഓണാഘോഷം ശനിയാഴ്ചയായിരുന്നു.
ആഘോഷത്തിന് പോലീസുകാർ തിരഞ്ഞെടുത്ത നീലഷർട്ടും മുണ്ടുമായിരുന്നു ഐ.പി. ബിനുവിന്റെയും വേഷം. സ്റ്റേഷൻമുറ്റത്ത് ഇട്ടിരുന്ന ഊഞ്ഞാലിൽ ആടുകയും ചെണ്ടകൊട്ടി മൊബൈൽഫോണിൽ ചിത്രീകരിക്കുകയുംചെയ്തു.
‘ഊഞ്ഞാൽ കണ്ടാൽ ആടിയില്ലെങ്കിൽ പിന്നെ എന്ത് ഓണം’ എന്ന പരാമർശത്തോടെ ഇത് സാമൂഹികമാധ്യമത്തിൽ പങ്കുെവച്ചതോടെയാണ് വിവാദമായത്. പ്രതികൾ ഊഞ്ഞാലാടുന്നത് കണ്ടില്ലെന്ന വിശദീകരണമാണ് മ്യൂസിയം പോലീസ് നൽകുന്നത്. പ്രതികൾ റീൽസ് ചിത്രീകരിച്ചത് അറിഞ്ഞില്ലെന്ന് പാറാവ് ഡ്യൂട്ടിയിലുൾപ്പെടെയുള്ളവർ പറയുന്നതിൽ അവിശ്വസനീയതയുണ്ട്.
സി.പി.എം. നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന മുൻ പോലീസ് സംഘടനാ ഭാരവാഹിയാണ് മ്യൂസിയം സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്ത്. ഇ.ഡി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസവും അവിടെയുണ്ടായിരുന്ന സി.പി.എം. നേതാക്കളുമായി ഈ ഉദ്യോഗസ്ഥൻ സൗഹൃദംപങ്കിട്ടത് വിവാദമായിരുന്നു.
മ്യൂസിയം സ്റ്റേഷനിൽനിന്ന് സ്ഥലംമാറ്റിയ പ്രശാന്ത് സ്ഥാനമൊഴിയുന്നതിന് മുൻപേയായിരുന്നു ഓണാഘോഷം. പ്രതികൾ സ്റ്റേഷനുള്ളിൽ ഉദ്യോഗസ്ഥരുമായി സൗഹൃദംപങ്കിടുന്നതിന്റെ ദൃശ്യം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
പോലീസുകാർ ആഘോഷത്തിന് തിരഞ്ഞെടുത്ത വേഷം കേസിലെ പ്രതികൾക്കും ലഭിച്ചത് യാദൃച്ഛികമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, അതേനിറത്തിലുള്ള ഷർട്ടുതന്നെ സ്റ്റേഷനിലെത്തിയ പ്രതികൾക്കും കിട്ടിയതിൽ വിമർശനമുയർന്നിട്ടുണ്ട്.
മൂന്ന് ഷർട്ട് അധികം വാങ്ങി
മ്യൂസിയം സ്റ്റേഷനിലെ ഓണാഘോഷത്തിന് നഗരത്തിലെ വസ്ത്രവ്യാപാരശാലയിൽനിന്ന് പോലീസുകാർക്ക് ഒരേ നിറത്തിലെ ഷർട്ട് എടുത്തപ്പോൾ മൂന്നെണ്ണം അധികം വാങ്ങി. ഇത് ഇ.ഡി. കേസിലെ പ്രതികൾക്കുവേണ്ടി ആയിരുന്നുവെന്നാണ് സംശയം. ഇ.ഡി. ആക്രമണക്കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് ഷർട്ട് വാങ്ങിയത്.
Content Highlights: Accused in ED officials attack case celebrated Onam at Museum Police Station. CPM leader IP Binu and co-accused participated in the celebrations wearing the same dress code as police officers. Special Branch initiated a probe ordered by City Police Commissioner Arul R.B. Krishna.Suspicions raised over extra shirts bought by police allegedly for the accused.