ലഹരിമാഫിയയുടെ ആക്രമണം: പെപ്പർ സ്‌പ്രേ അടിച്ച് വടിവാൾകൊണ്ട് വെട്ടി,അഞ്ച് DYFI പ്രവർത്തകർക്ക് പരിക്ക്

ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ് അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സലിംകുമാർ
ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ് അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സലിംകുമാർ

പുളിയനം (കൊച്ചി): എറണാകുളം പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് ലഹരിമാഫിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ പെപ്പർ സ്‌പ്രേ അടിച്ച ശേഷം വടിവാൾകൊണ്ട് വെട്ടി. ആക്രമണത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.

ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് രാഹുൽ രാജു, സെക്രട്ടറി ജിതിൻ ജോസ്, എം.കെ. മിഥുൻ, എം.കെ. നിധിൻ, സലിംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച രാത്രി 10.30-ഓടെ പുളിയനം കൽകുരിശ് ഭാഗത്താണ് സംഭവം. യുവാക്കൾ യൂണിറ്റ് കമ്മിറ്റി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ലഹരിസംഘം കണ്ണിലേക്ക് പെപ്പർ സ്‌പ്രേ അടിച്ചശേഷം വടിവാൾകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പരിക്കേറ്റവർ അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രി, അപ്പോളോ ആഡ്ലെക്‌സ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ലഹരിമാഫിയാ സംഘത്തിനെതിരേ നിലപാട് സ്വീകരിക്കുകയും ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പറഞ്ഞു.

ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിയനത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സച്ചിൻ കുര്യക്കോസ്, റോജിസ് മുണ്ടപ്ലാക്കൽ, യദു ബാലചന്ദ്രൻ, സി.എൻ. മോഹനൻ, ജിഷാ ശ്യാം, ജിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.

Content Highlights: Five DYFI workers injured in a targeted attack by a drug mafia group., Assailants used pepper spray and swords during the incident in Puliyanam., The attack is suspected to be retaliation for anti-drug activities