മനുഷ്യക്കടത്തും പെൺവാണിഭവും നിയന്ത്രിച്ചത് സിന്ധുവും ബിലാലും; ഓരോ യുവതിയെ എത്തിക്കുമ്പോഴും കമ്മിഷൻ

കൊച്ചി: ദുബായ് കേന്ദ്രമായി നടന്ന മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്തും പെൺവാണിഭവും നിയന്ത്രിച്ചത് പിടിയിലായ ഗുരുവായൂർ സ്വദേശിനി സിന്ധുവും മാവേലിക്കര സ്വദേശി ബിലാലുമെന്ന് പോലീസ്. സിന്ധു, ഷംല, അലീന, മഞ്ജിമ, റഹ്‌മത്ത്, ബിലാൽ എന്നിവരാണ് കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ. രണ്ടാംപ്രതി ഷംലയെയും അഞ്ചാംപ്രതി റഹ്‌മത്തിനെയും ഇനിയും പിടികൂടാനുണ്ട്.
പലതരത്തിലായിരുന്നു ഇവർ യുവതികളെ വലയിൽ വീഴ്ത്തിയിരുന്നത്. സിന്ധുവും ബിലാലും നേരിട്ടും കൂട്ടുപ്രതികൾ വഴിയും യുവതികളെ കണ്ടെത്തും. വലയിലാകുന്ന യുവതികളുടെ വീട്ടിലെത്തി സംസാരിച്ച് ദുബായിക്ക് പോകാൻ സമ്മതം വാങ്ങിയെടുത്തിരുന്നത് ബിലാലായിരുന്നു. സിന്ധുവാണ് ടിക്കറ്റും വിസിറ്റിങ് വിസയും തരപ്പെടുത്തി നൽകുക. അലീനയും മഞ്ജിമയും സാമൂഹിക മാധ്യമങ്ങളിൽ റീലുകളും പരസ്യങ്ങളും നൽകുകയും ഇരകളാകുന്ന യുവതികൾക്കൊപ്പം ദുബായിലേക്ക് അനുഗമിക്കുകയും ചെയ്യും. ഇനിയും പിടിയിലാകാനുള്ള പ്രതികളും ചേർന്നാണ് ദുബായിലെ ഇടപാടുകൾ ഏകോപിപ്പിച്ചിരുന്നത്. സിന്ധുവിന്റെയും ബിലാലിന്റെയും നിർദേശങ്ങൾക്കനുസരിച്ചാണ് മറ്റ് പ്രതികൾ പ്രവർത്തിച്ചിരുന്നത്.
ഇരുവരും തമ്മിൽ നിരവധി തവണ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ബിലാലിന്റെ അക്കൗണ്ടിലേക്ക് സിന്ധു പല തവണ പണം അയച്ചതിന്റെ രേഖകളും കിട്ടി. കേസിൽ പിടിയിലാകാനുള്ള ഷംലയും മഞ്ജിമയും ബിലാലിനൊപ്പം ഫെബ്രുവരി 20-ന് ദുബായിലേക്ക് പോയതിന്റെ യാത്രാരേഖകളും അന്വേഷക സംഘത്തിന് ലഭിച്ചു. സിന്ധുവാണ് ഇവർക്ക് വിസിറ്റിങ് വിസയും വിമാന ടിക്കറ്റും എടുത്ത് നൽകിയത്. വിദേശത്തേയ്ക്ക് വരുന്ന യുവതികളുടെ എണ്ണത്തിന് അനുസരിച്ച് ബിലാലിന് കമ്മിഷൻ നൽകിയിരുന്നതായി സിന്ധു ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ട്. അതേസമയം, ഇനി പിടിയിലാകാനുള്ള പ്രതികളായ ഷംലയ്ക്കും റഹ്‌മത്തിനുമായി അന്വേഷണം ഊർജിതമാക്കി. ഇരുവരും ദുബായിലാണെന്നാണ് സംശയിക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇരുവർക്കും അന്താരാഷ്ട്ര മനുഷ്യക്കടത്ത്-സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സിന്ധുവിന്റെ പക്കൽ നിന്ന് ലഭിച്ച മൊബൈൽ ഫോണുകളിലെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ചുവരുകയാണ്.
കൊടും പീഡനം, ഒപ്പം പണവും തട്ടി
മേക്കപ്പ് ആർട്ടിസ്റ്റ് ജോലി വാഗ്ദാനം ചെയ്താണ് കൊച്ചി സ്വദേശിനിയായ യുവതിയെ മനുഷ്യക്കടത്ത് സംഘം വലയിലാക്കിയത്. തന്റെ മകളുടെ പേരിൽ ദുബായിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മേക്കപ്പ് ആർട്ടിസ്റ്റായി വലിയ ശമ്പളത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ സിന്ധു സമീപിക്കുകയായിരുന്നു. ജോലിക്കായി യുവതിയിൽ നിന്ന് 4.7 ലക്ഷം രൂപയും വാങ്ങിയെടുത്തു. ബിലാലിനെതിരേ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്. ബിലാലിന്റെ മൊബൈൽ ഫോണിൽ യുവതികളുടെ ഫോട്ടോകൾ കണ്ടെത്തി. ഈ യുവതികളുമായി ഇയാൾ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അന്വേഷണം ഗുണ്ടാസംഘങ്ങളിലേക്കും
മനുഷ്യക്കടത്ത്-പെൺവാണിഭ റാക്കറ്റിന് കൊച്ചിയിലെ ലഹരി മാഫിയകൾക്കും കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള ഗുണ്ടാസംഘങ്ങൾക്കും വ്യക്തമായ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തൽ. ക്വട്ടേഷൻ കേസുകളിൽ പ്രതിയും നാലാംപ്രതി അലീനയുടെ സുഹൃത്തുമായ ഔറംഗസേബിന് ഒന്നാം പ്രതി സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു നേരിട്ട് പണം നൽകിയതായി കണ്ടെത്തി.
Content Highlights: Sindhu and Bilal identified as masterminds behind a Dubai-based human trafficking ring., Victims were lured using fake job offers like makeup artistry., Financial evidence and WhatsApp chats link the accused to illegal activities., Investigation reveals connections to drug mafias and local criminal gangs in Kochi., Search ongoing for absconding suspects Shamla and Rahmat.