കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

#ന്യൂസ് ഡെസ്ക്
റിന്റോ പുതുപ്പള്ളി, പരിക്കേറ്റ സഹോദരൻ
റിന്റോ പുതുപ്പള്ളി, പരിക്കേറ്റ സഹോദരൻ

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കല്ലൂർ പുല്ലുത്തിയിലാണ് സംഭവം. യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. റിന്‌റോ, അമ്മ, സഹോദരൻ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രതികളുടെ കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചു എന്ന് ആരോപിച്ചാണ് സംഘം റിന്റോയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയത്.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. റിന്റോയുടെ വീട്ടിലെത്തിയ ലഹരിസംഘം അദ്ദേഹത്തിന്റെ അമ്മയേയും ബഹളം കേട്ടെത്തിയ സഹോദരനേയും മർദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കുറച്ച് നാൾ മുമ്പ് പ്രദേശത്ത് നടന്ന കഞ്ചാവ് വിൽപ്പനയെ കുറിച്ചുള്ള വിവരം റിന്റോ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് സംഘം വീടുകയറി ആക്രമണം നടത്തിയത്.

ഓട്ടോറിക്ഷയിലും ബൈക്കിലുമായാണ് സംഘം എത്തിയതെന്ന് റിന്റോ പറഞ്ഞു. വീടിനുള്ളിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ച് കയറിയ ഇവർ പ്രായമായ അമ്മയേയും രണ്ട് മക്കളേയും ആക്രമിച്ചുവെന്നും റിന്റോ പറഞ്ഞു. ഇത്രയും അക്രമം ചെയ്തവർക്കെതിരെ കർശനമായ നിയമനടപടി വേണമെന്ന് റിന്റോ ആവശ്യപ്പെട്ടു.

ആക്രമണം നടത്തിയ ശേഷം പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എന്നാൽ സംഘത്തിലെ ഒരാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Content Highlights: An armed drug gang stormed Youth Congress Trikkur mandalam president Rinto Puthuppally's home in Kallur, Thrissur, injuring him, his mother, and brother in retaliation for tipping off police about local ganja sales.