ഡോ. വന്ദനാദാസ് കൊലക്കേസ്; കുത്താൻ ഉപയോഗിച്ച കത്രിക ആശുപത്രിയിലേതെന്ന് സാക്ഷി

കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന ഡോ. വന്ദനാദാസിന്റെ ചിത്രം
കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന ഡോ. വന്ദനാദാസിന്റെ ചിത്രം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ച്, ഡോ. വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്രിക ഡ്രസ്സിങ് റൂമിൽ ഉപയോഗിക്കുന്നതാണെന്ന് സാക്ഷിമൊഴി. കേസിലെ സാക്ഷിയായ നഴ്‌സിങ് അസിസ്റ്റന്റ് ജയന്തി, കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുൻപാകെയാണ് മൊഴി നൽകിയത്.

സംഭവദിവസം പുലർച്ചെ പൂയപ്പള്ളി പോലീസാണ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയുടെ കാലിലെ മുറിവുകൾ താൻ വൃത്തിയാക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന കത്രിക അയാൾ, രഹസ്യമായി കൈക്കലാക്കി സൂക്ഷിക്കുകയായിരുന്നു. ഡോ. വന്ദനയുടെ സാന്നിധ്യത്തിൽ താൻ പ്രതിയുടെ മുറിവുകൾ പരിശോധിക്കുമ്പോൾ തന്റെയും ഡോക്ടർമാരുടെയും ചിത്രങ്ങൾ അയാൾ ഫോണിൽ പകർത്തിയിരുന്നു. ആശുപത്രി ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് രജിസ്റ്ററുമുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലിന്റെ ചോദ്യത്തിനു മറുപടിയായി ജയന്തി കോടതിയെ അറിയിച്ചു. രജിസ്റ്ററിന്റെ പകർപ്പും അവർ കോടതിയിൽ തിരിച്ചറിഞ്ഞു.

സംഭവദിവസം പ്രതിയെ ആശുപത്രിയിലെത്തിച്ച പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബേബി മോഹനെയും പോലീസ് ഡ്രൈവർ ബിജീഷിനെയും പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. സംഭവദിവസം രാത്രിയിൽ തങ്ങൾ നൈറ്റ് പട്രോൾ ചെയ്തുവരവേ, പോലീസ് കൺട്രോൾ റൂമിൽനിന്ന് പ്രതി, സഹായം അഭ്യർത്ഥിച്ച് വിളിച്ചതായ സന്ദേശം ലഭിച്ചു. കൺട്രോൾ റൂമിൽനിന്ന് ലഭിച്ച നിർദേശപ്രകാരം തങ്ങൾ പ്രതിയുടെ സമീപത്തെത്തുകയായിരുന്നു. പ്രതിയുടെ കാലുകളിൽ മുറിവുകൾ കണ്ടതുകൊണ്ടാണ് ആശുപത്രിയിൽ പ്രതിയുമായി എത്തിയത്. അവിടെനിന്ന് കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് വന്ദനയെയും പോലീസുകാർ ഉൾപ്പെടെയുള്ള സാക്ഷികളെയും ഉപദ്രവിക്കുകയായിരുന്നെന്നും സാക്ഷികൾ കോടതി മുൻപാകെ അറിയിച്ചു. പ്രതിയെയും പ്രതി ഉപയോഗിച്ച ആയുധവും പ്രതിയുടെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞു. തുടർവിസ്താരം 27-ന് നടക്കും. ഇതിനിടെ കേസിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ച ഫൊറൻസിക് വിദഗ്ധയെ മുൻഗണനാക്രമത്തിൽ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഫയൽ ചെയ്ത ഹർജി കോടതി അനുവദിച്ചു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Content Highlights: Dr. Vandana Murder: Scissors from Hospital Dressing Room Used