മന്ത്രിക്കെതിരേ ആഞ്ഞടിച്ച നേതാവ്, പഠനത്തിലും 'മിടുമിടുക്കൻ'; പണത്തോടുള്ള ആർത്തി അഴിക്കുള്ളിലാക്കി

തിരുവനന്തപുരം: പഠനത്തിൽ മിടുക്കൻ, സംഘടനാകാര്യങ്ങളിലെ മുന്നണിപ്പോരാളി...ഒടുവിൽ പണത്തോടുള്ള ആർത്തി ഡോ. റുവൈസിനെ അഴിക്കുള്ളിലാക്കി. കേരള മെഡിക്കൽ പി.ജി. അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡന്റുമായിരുന്നു റുവൈസ്.
മാസങ്ങൾക്ക് മുൻപ് കൊട്ടാരക്കര ആശുപത്രിയിൽ ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിനു പിന്നാലെ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്നു ഇയാൾ. അന്ന് ആരോഗ്യമന്ത്രിയുടെ വിവാദപരാമർശത്തിനെതിരേ റുവൈസ് നടത്തിയ പ്രസംഗവും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് ആരോഗ്യമേഖലയിലെ സുരക്ഷാപ്രശ്നം ഇയാൾ ചൂണ്ടിക്കാട്ടിയിരുന്നു. ആ നേതാവാണ് ഇന്ന് ആത്മഹത്യാപ്രേരണക്കുറ്റത്തിന് റിമാൻഡിലായത്.
സംഘടനയെ പ്രതിനിധീകരിച്ച് സർക്കാർ നടത്തുന്ന ചർച്ചയിലും പങ്കെടുക്കുന്നത് ഇയാളാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെയാണ് റുവൈസ് എം.ബി.ബി.എസും പഠിച്ചത്. മെഡിക്കൽ എൻട്രൻസിൽ 76-ാം റാങ്കുകാരനായിരുന്നുവെന്ന് കൂട്ടുകാരും ഓർക്കുന്നു. ഫസ്റ്റ്ക്ലാസിലാണ് എം.ബി.ബി.എസും പൂർത്തിയാക്കിയത്. ഈ മാസം പത്തിന് ഡോക്ടമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലും പ്രാസംഗികരുടെ കൂട്ടത്തിൽ റുവൈസുണ്ടായിരുന്നു.
റുവൈസിനെ പുറത്താക്കി; അഫ്‌സാന പുതിയ പ്രസിഡന്റ്
തിരുവനന്തപുരം: കേരള മെഡിക്കൽ പി.ജി. അസോസിയേഷൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. അഫ്‌സാന ഫാബിഖാനെ വ്യാഴാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം തിരഞ്ഞെടുത്തു. ഡിസംബറിൽ പുതിയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പുണ്ടാകും. നിലവിലെ പ്രസിഡന്റായ റുവൈസ് അറസ്റ്റിലായതോടെ പുറത്താക്കിയിരുന്നു. ഷഹ്‌നയുടെയും കുടുംബത്തിന്റെയും ഒപ്പം നിലകൊള്ളുമെന്നും എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും കുറ്റംതെളിഞ്ഞാൽ റുവൈസിനെതിരേ എല്ലാ നിയമനടപടികൾക്കും സംഘടനയുടെ പിന്തുണയുണ്ടാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Content Highlights: Dr Shahana s suicide Dowry-seeker arrested