'റുവൈസിന്റെ കുടുംബം ഷഹ്‌നയുടെ വീട്ടിലെത്തി സാമ്പത്തികകാര്യങ്ങള്‍ സംസാരിച്ചു, അതിന് സാക്ഷികളുണ്ട്'

#സ്വന്തം ലേഖകന്‍
ഡോ.ഷഹന, പ്രതി റുവൈസ്
ഡോ.ഷഹന, പ്രതി റുവൈസ്

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ ഡോ. റുവൈസിന്റെ ജാമ്യപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. റുവൈസും കുടുംബവും വലിയ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷഹ്‌ന ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. ഇത് തെറ്റാണെന്ന വാദമുയര്‍ത്തിയാണ് പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 

ഷഹ്‌നയുടെ സാമ്പത്തികസ്ഥിതിയെ കുറിച്ച് റുവൈസിന് അറിവുണ്ടായിരുന്നെന്ന് ബുധനാഴ്ച ജാമ്യഹര്‍ജി പരിഗണിക്കവേ കോടതി പരാമര്‍ശിച്ചു. ആത്മഹത്യാക്കുറിപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. റുവൈസിന്റെ കുടുംബം ഷഹ്‌നയുടെ വീട്ടില്‍ എത്തിയപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ സംസാരിച്ചിരുന്നെന്നും ഇതിന് സാക്ഷികളുണ്ടെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസം മാത്രമാണ് റുവൈസിന് അനുകൂലമായുള്ളതെന്നും കോടതി പറഞ്ഞു.

ഷഹ്‌നയോട് താന്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നുള്ള ആരോപണം ശരിയല്ലെന്നാണ് റുവൈസിന്റെ വാദം. പിജി കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഷഹ്‌നയ്ക്ക് ഇത് സമ്മതമല്ലായിരുന്നു. ഡോ.വന്ദനദാസിന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമായാണ് തന്റെ അറസ്റ്റെന്നും റുവൈസിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

അതേസമയം, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തിരുവനന്തപുരം അഡിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് റുവൈസ് ഹൈക്കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)


 

Content Highlights: dr shahana death case accused bail plea in highcourt