'ഡിജിറ്റൽ അറസ്റ്റെ'ന്ന് ഭീഷണി; 90-കാരനിൽനിന്ന് തട്ടിയത് 1.15 കോടി; ജീവിതകാല സമ്പാദ്യം നഷ്ടമായി

പോലീസ് പിടിച്ചെടുത്ത പണവും കാര്‍ഡുകളും | ANI
പോലീസ് പിടിച്ചെടുത്ത പണവും കാര്‍ഡുകളും | ANI

അഹമ്മദാബാദ്: മുംബൈയില്‍നിന്ന് ചൈനയിലേക്കയച്ച കുറിയറില്‍ മയക്കുമരുന്നുണ്ടെന്നുപറഞ്ഞ് 90-കാരനെ ഡിജിറ്റല്‍ അറസ്റ്റിലാക്കി 1.15 കോടി രൂപ കവര്‍ന്നു. സിബിഐ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് ഫോൺകോൾ എത്തിയത്. 15 ദിവസത്തെ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും കേസിൽനിന്ന് രക്ഷപ്പെടാൻ ഒരു കോടി രൂപ നല്‍കണമെന്നും വയോധികനോട് ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ സൂറത് ക്രൈംബ്രാഞ്ച് അഞ്ചുപേരെ അറസ്റ്റുചെയ്‌തെങ്കിലും പ്രധാന പ്രതിയെ കണ്ടെത്താനായിട്ടില്ല. രമേശ് സുരാന, ഉമേഷ് ജിന്‍ജാല, നരേഷ് സുരാന, രാജേഷ് ഡിയോറ, ഗൗരങ്ക് രഗോലിയ എന്നിവരാണ് അറസ്റ്റിലായത്. പ്രധാന സൂത്രധാരനായ ഗൊപാനി എന്നയാളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.

വാട്‌സ്ആപ് കോളിലൂടെയാണ് ഓഹരിവിപണി നിക്ഷേപകന്‍ കൂടിയായ 90-കാരനെ തട്ടിപ്പുകാർ വലയിലാക്കിയത്. സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു സംസാരം. നിങ്ങളുടെ അഡ്രസ്സിലുള്ള കുറിയറില്‍ 400 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഇതിന് പുറമെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വയോധികന്റെ ബാങ്ക് അക്കൗണ്ട് വിവരം വെളിപ്പെട്ടിട്ടുണ്ടെന്നും ഇവരെ അറിയിച്ചു. ഇത് കുടുംബത്തിന്റെയടക്കം അറസ്റ്റിലേക്ക് നയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ, ഫോണ്‍വിളിച്ച ആള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടി 15 ലക്ഷം രൂപ അയച്ചാല്‍ പരിഹരിക്കാമെന്നും അറിയിച്ചു. ഇതുകേട്ട് ഭയന്ന വയോധികന്‍ ആവശ്യപ്പെട്ട പണം അയച്ചുകൊടുക്കുകയും ചെയ്തു. 

സംഭവം കുടുംബത്തെ അറിയിച്ചതോടെ അവര്‍ സൂറത് ക്രൈംബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചൈനീസ് തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവര്‍. ഇവരിൽനിന്ന് 46 ഡെബിറ്റ് കാര്‍ഡുകള്‍, 23 ബാങ്ക് ചെക്കുകള്‍, ഒരു വാഹനം, വിവിധ സ്ഥാപനങ്ങളുടെ റബ്ബര്‍ സീലുകള്‍, ഒമ്പത് മൊബൈല്‍ ഫോണുകള്‍, 28 സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Content Highlights: Digital Arrest Scammers Target 90 year old senior cityzen lost one crore