ധീരജ് വധക്കേസ്; വിചാരണയ്ക്ക് ഹാജരാകാത്ത യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്, ജാമ്യം റദ്ദാക്കി

തൊടുപുഴ (ഇടുക്കി): ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്‌ക്ക് ഹാജരാകാത്ത യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റുചെയ്യാൻ കോടതി ഉത്തരവ്.
ഒന്നാംസാക്ഷി അഭിജിത്തിന്റെ സാക്ഷിവിസ്താരത്തിന് ബുധനാഴ്ച ഹാജരാകാതിരുന്ന, കേസിലെ മൂന്നാംപ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യമാണ് മുട്ടം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയത്. അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കാൻ പോലീസിന് നിർദേശം നൽകി.
മൂന്നാം പ്രതിയിൽനിന്ന് നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് സെഷൻസ് ജഡ്‌ജ് സനൂ എസ്. പണിക്കർ പ്രതിയെ അറസ്റ്റുചെയ്യാൻ ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് ടോണി തേക്കിലക്കാടൻ.
ഒന്നാംപ്രതി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി അസുഖത്തെ തുടർന്ന് ഹാജരായില്ല. മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എട്ടാംപ്രതി വെള്ളയാംകുടി സ്വദേശി അലൻ ബേബിയും ഹാജരായില്ല. കോടതിയിൽ അവധി അപേക്ഷ അഭിഭാഷകൻ മുഖാന്തിരം നൽകിയിരുന്നു.
2022 ജനുവരി 10ന്-കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘർഷത്തിലാണ് എസ്.എഫ്.ഐ. പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് –കെ.എസ്.യു. പ്രവർത്തകരായ ജെറിൻ ജോജോ, നിതിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, സോയിമോൻ സണ്ണി, ജെസിൻ ജോയി എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരം സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ എന്നീകുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയദർശൻ തമ്പിയാണ് ഹാജരായത്. വിചാരണ നടപടി വ്യാഴാഴ്‌ചയും തുടരും.
Content Highlights: Muttom Principal Sessions Court cancelled bail for the third accused, Tony Thekkilakkadan., Court issued an arrest warrant after the accused failed to appear for the witness trial., The case pertains to the 2022 murder of SFI activist Dheeraj Rajendran at Idukki Engineering College.