കാറിടിച്ച് വലിച്ചിഴച്ച് യുവാവിനെ കൊലപ്പെടുത്തി പതിനാറുകാരൻ; ദൃശ്യങ്ങൾ ക്യാമറയിൽ, ഒടുവിൽ പിടിയിൽ

ന്യൂഡൽഹി: സമയ്പൂർ ബദ്‌ലിയിൽ ഫാക്ടറി തൊഴിലാളിയെ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ചു കൊലപ്പെടുത്തിയതിന് പതിനാറുകാരനെ പിടികൂടി. സുജീത് മൊണ്ഡൽ (32) ആണ് കൊല്ലപ്പെട്ടത്. കാറിന്റെ മുൻഭാഗത്തിനടിയിൽ പെട്ട സുജീത് മൊണ്ഡലിനെ 600 മീറ്ററോളം വലിച്ചിഴച്ച ശേഷം എൻഡിപിഎൽ ഓഫീസിലെ അഞ്ചാം ഗേറ്റിന് സമീപം ഉപേക്ഷിച്ച് വാഹനമോടിച്ച പതിനാറുകാരന്‍ കടന്നുകളയുകയായിരുന്നു. സമീപത്തെ സിസിടിവികളിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞതോടെ പോലീസിന് ഇയാളെ പെട്ടെന്ന് കണ്ടെത്താനായി.
പരിക്കേറ്റയാൾ കാറിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അറിഞ്ഞിട്ടും പതിനാറുകാരൻ മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. ഇടയ്ക്ക് നിർത്തിയെങ്കിലും പിന്നെയും കാർ മുന്നോട്ട് എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 23-ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയപ്പോൾ, ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ സുജീത് മൊണ്ഡലിനെ കണ്ടെത്തി. പിന്നീട് ബുരാരി ആശുപത്രിയിൽ വെച്ച് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഔട്ടർ നോർത്ത്) വി. ഹരേശ്വർ സ്വാമി പറഞ്ഞു.
ബദ്‌ലി ഇൻഡസ്ട്രിയൽ ഏരിയയിലെ രാജാ വിഹാറിലെ താമസക്കാരനും പിവിസി പൈപ്പ് ഫാക്ടറിയിലെ തൊഴിലാളിയുമാണ് മൊണ്ഡൽ. ഫാക്ടറിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മണ്ടോളി ഏരിയയിലെ ഒരു വീട്ടിൽനിന്ന് പോലീസ് കാർ കണ്ടെത്തി. ഡ്രൈവർ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഡിസിപി പറഞ്ഞു.
കുട്ടിയുടെ സഹോദരിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനം പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് കറക്ഷണൽ ഹോമിലേക്ക് അയയ്ക്കുകയും ചെയ്തു.
കാർ നന്നാക്കാനായി കുട്ടി ഒരു മെക്കാനിക്കിന്റെ അടുത്തേക്ക് പോയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആദ്യം മെക്കാനിക്കാണ് വാഹനം ഓടിച്ചിരുന്നത്. പിന്നീട് പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവിങ് ഏറ്റെടുത്തു. കുറച്ചു ദൂരം ഓടിച്ചതിന് ശേഷം മൊണ്ഡലിനെ ഇടിക്കുകയായിരുന്നു. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
കുടുംബത്തിന്റെ ഏക ആശ്രയം മൊണ്ഡൽ ആയിരുന്നെന്നും അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം തകർന്നിരിക്കുകയാണെന്നും ഭാര്യാസഹോദരൻ ജിതേഷ് പറഞ്ഞു.
Content Highlights: 16-Year-Old Boy Drags Man 600m To Death In Horrifying Delhi Accident