ഡൽഹിയിലെ പോലീസ് സ്റ്റേഷനിൽ അതിക്രമം: 5 പോലീസുകാർക്ക് കുത്തേറ്റു; പ്രതിക്കുനേരെ വെടിയുതിർത്ത് പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ ജാമാമസ്ജിദ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ അക്രമാസക്തനായ യുവാവ് അഞ്ച് പോലീസുകാരെ കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു സംഭവം. മാതാവും സഹോദരിയുമായി ബന്ധപ്പെട്ട കുടുംബതർക്ക കേസിൽ ചോദ്യംചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിൽ എത്തിച്ച നബീൽ എന്നയാളാണ് ആക്രമണം നടത്തിയത്. ചോദ്യംചെയ്യലിനിടെ പെട്ടെന്ന് കത്തി പുറത്തെടുത്ത ഇയാൾ പോലീസുകാരുടെ മുഖത്തും കഴുത്തിലും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിനുശേഷം പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട നബീൽ, പ്രദേശത്തുനിന്ന് കടന്നുകളയാൻ ഒരു ഇരുചക്രവാഹനം മോഷ്ടിക്കുകയും ചെയ്തു. തുടർന്ന് സെൻട്രൽ ഡിസ്ട്രിക്റ്റ് ഓപ്പറേഷൻസ് യൂണിറ്റിന്റെ പോലീസ് സംഘം നബീലിനെ തൊട്ടടുത്തുള്ള പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും പോലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഇയാളെ തടയാൻ പോലീസിന് വെടിയുതിർക്കേണ്ടി വന്നു. വെടിവെപ്പിൽ പരിക്കേറ്റ നബീലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരെ ഉടൻതന്നെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പോലീസുകാരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ പ്രതിയെയും ചികിത്സയ്ക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.