ഡൽഹിയിലെ ‘മാഫിയ ക്വീൻ’ അറസ്റ്റിൽ; പിടിച്ചെടുത്തത് കോടികളുടെ ലഹരിമരുന്നും പണവും സ്വർണവും

#ന്യൂസ് ഡെസ്ക്
പിടിച്ചെടുത്ത പണം, പാർവതി
പിടിച്ചെടുത്ത പണം, പാർവതി

ന്യൂഡൽഹി: ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ യുവതിയും സഹായിയും പിടിയിൽ. മയക്കുമരുന്നുകേസിലാണ് 42-കാരിയായ പാർവതിയെയും ഇവരുടെ അംഗരക്ഷകനായ വികാസ് കുമാറിനെയും (30) ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിലെ വാടകവീട്ടിൽ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

റെയ്ഡിൽ 1.5 കോടിയിലധികം രൂപ വിലമതിക്കുന്ന 1.204 കിലോഗ്രാം ഹെറോയിൻ, 56.69 ലക്ഷം രൂപ, 355 ഗ്രാം സ്വർണം, 161 ഗ്രാം വെള്ളി എന്നിവ പോലീസ് പിടിച്ചെടുത്തു. കൂടാതെ, നാല് വസ്തുവകകളുടെ രജിസ്ട്രേഷൻ രേഖകളും ടാറ്റാ ഹാരിയർ കാർ ഉൾപ്പെടെ രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പണവും സ്വത്തുക്കളും ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമാഹരിച്ചതാണെന്ന് ഡൽഹി ഔട്ടർ നോർത്ത് ഡിസിപി ശോഭിത് സക്സേന പറഞ്ഞു.

എൻ.ഡി.പി.എസ് ആക്ട്, എക്സൈസ് ആക്ട് എന്നിവ പ്രകാരം മുൻപ് 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പാർവതി, നരേല ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിലെ സ്ഥിരം കുറ്റവാളി പട്ടികയിലുള്ള ആളാണ്. ബുരാരി സ്വദേശിയായ വികാസ് കുമാറിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

Content Highlights: Interstate drug syndicate leader Parvathy and bodyguard Vikas Kumar arrested in Delhi, Raid conducted by Anti-Narcotics Squad in North Delhi, Seized 1.204 kg heroin worth over 1.5 crore, 56.69 lakh cash, 355g gold, and vehicles, Parvathy has 12 prior criminal cases under NDPS and Excise Acts