ഡൽഹിയിൽ ബസിനുള്ളിൽ സ്ത്രീയെ കൂട്ടബലാത്സംഗംചെയ്തു; ‘നിർഭയ ആവർത്തിക്കുന്നു’, ബിജെപി സർക്കാരിനെതിരേ AAP

ന്യൂഡൽഹി: ഡൽഹിയിൽ ബസിനുള്ളിൽ സ്ത്രീയെ കൂട്ടബലാത്സംഗംചെയ്തു. ഡൽഹിയിലെ റാണിബാഘ് മേഖലയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കേസിൽ പ്രതികളായ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. സംഭവം നടന്ന ബസും കസ്റ്റഡിയിലെടുത്തു.
മംഗോൾപുരിയിലെ ഫാക്ടറിയിൽ തൊഴിലാളിയായ സ്ത്രീയാണ് അതിക്രമത്തിനിരയായത്. വിവാഹിതയും മൂന്നുകുട്ടികളുടെ അമ്മയുമായ സ്ത്രീ തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഫാക്ടറിയിൽനിന്ന് പിതാംപുരയിലെ ചേരിയിലുള്ള വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റോപ്പിലെത്തിയതായിരുന്നു സ്ത്രീ. ഈ സമയം ഒരു ബസും അവിടെ നിർത്തിയിട്ടിരുന്നു. തുടർന്ന് ബസിന്റെ വാതിലിൽനിന്നിരുന്ന ആളോട് യുവതി സമയം ചോദിച്ചു. ഇതിനുപിന്നാലെ ഇയാൾ യുവതിയെ ബലംപ്രയോഗിച്ച് ബസിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് നംഗ്ലോയി ഭാഗത്തേക്ക് ബസ് ഓടിച്ചുപോവുകയും ഇവിടെവെച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് സ്ത്രീയെ ബസിനുള്ളിൽവെച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
സംഭവത്തിൽ പരാതിക്കാരിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതായി പോലീസ് പറഞ്ഞു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും വിശദമായ അന്വേഷണവും ബസിനുള്ളിൽനിന്ന് തെളിവ് ശേഖരിക്കലടക്കമുള്ള നടപടികളും തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ ഡൽഹിയിലെ ബിജെപി സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ആംആദ്മി പാർട്ടി രംഗത്തെത്തി. രാജ്യതലസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്നും ബസിലെ ബലാത്സംഗം 2012-ലെ 'നിർഭയ' കേസിന്റെ ആവർത്തനമാണെന്നും ആംആദ്മി കുറ്റപ്പെടുത്തി.
Content Highlights: A woman was abducted and gang-raped on a bus in Delhi's Rani Bagh area., The bus driver and conductor have been arrested by Delhi Police., The incident has sparked political controversy involving AAP and BJP., Police have completed the victim's medical examination and are collecting forensic evidence.