നായകളുടെ കടിയേറ്റ് പരിക്കേറ്റ മാനിനെ കൊന്ന് കറിവെച്ചു; നാലുപേർ അറസ്റ്റിൽ

മാനിനെക്കൊന്ന് കറിവെച്ച സംഭവത്തിൽ വനംവകുപ്പിന്റെ പിടിയിലായവർ. പിടിച്ചെടുത്ത ഇറച്ചിയും മാനിന്റെ തലയും കാണാം
മാനിനെക്കൊന്ന് കറിവെച്ച സംഭവത്തിൽ വനംവകുപ്പിന്റെ പിടിയിലായവർ. പിടിച്ചെടുത്ത ഇറച്ചിയും മാനിന്റെ തലയും കാണാം

സുൽത്താൻബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ നായകളുടെ കടിയേറ്റ പരിക്കുകളോടെയെത്തിയ പുള്ളിമാനിനെ പിടികൂടി കൊന്ന് കറിവെച്ച സംഭവത്തിൽ നാലുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. നൂൽപ്പുഴ മുക്കുത്തിക്കുന്ന സ്വദേശികളായ പുളിക്കചാലിൽ സുനിൽ (59), തടത്തിൽചാലിൽ സന്തോഷ് (56), പുത്തൂർക്കൊല്ലി രാധാകൃഷ്ണൻ (48), വാളംവയൽ ശിവരാമൻ (62) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച ഉച്ചയോടെ സുനിലിന്റെ വീട്ടിൽവെച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകരെത്തി പരിശോധിച്ചത്. പാകംചെയ്ത ഇറച്ചിയും ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും മുറിക്കാനുപയോഗിച്ച കത്തികളടക്കമുള്ളവയും പാകംചെയ്യാനുള്ള പാത്രങ്ങളും കണ്ടെടുത്തു. വേവിച്ചതും അല്ലാത്തതുമായി 40 കിലോഗ്രാമോളം ഇറച്ചിയുണ്ടായിരുന്നുവെന്ന് വനപാലകർ പറഞ്ഞു.

മാനിന്റെ കൊമ്പുകളുൾപ്പെടെയുള്ള തലഭാഗവും ഇവിടെനിന്ന് കണ്ടെടുത്തു. ബാക്കി ഇറച്ചി ഉണക്കിസൂക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് സൂചന. മുത്തങ്ങ റെയ്ഞ്ചിൽ തോട്ടാമൂല ഫോറസ്റ്റ് സെക്‌ഷൻ പരിധിയിലാണ് സംഭവം. മുത്തങ്ങ അസി. വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്‌കുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മുരളീധരൻ, തോട്ടാമൂല സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ. പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിദ്യ, രാജേഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ശനിയാഴ്ച ബത്തേരി കോടതിയിൽ ഹാജരാക്കും.

Content Highlights: Wayanad Wildlife Sanctuary: Four Arrested for Poaching and Consuming Deer