കടലില്‍ അജ്ഞാത മൃതദേഹം; കഴുത്തില്‍ ആഴത്തില്‍ മുറിവ്, കൊലപാതകമെന്ന് സംശയം

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

പൂവാര്‍: കടലില്‍നിന്നു കണ്ടെത്തിയ പുരുഷന്റെ അജ്ഞാത മൃതദേഹം കൊലപ്പെടുത്തി കടലില്‍ ഉപേക്ഷിച്ച ആരുടെയെങ്കിലുമാണെന്ന് സംശയം. മൃതദേഹത്തില്‍ കണ്ട കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന നിഗമനത്തിലാണ് പോലീസ്. അതിനാല്‍ കടലില്‍നിന്നു മൃതദേഹം കണ്ടെത്തിയ പൂവാര്‍ തീരദേശ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചിനാണ് പൂവാര്‍ തീരത്തുനിന്ന് ഇരുപത് കിലോമീറ്റര്‍ അകലെ ഉള്‍ക്കടലില്‍ ഒഴുകിനടന്ന മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൂവാര്‍ തീരദേശ പോലീസ് മൃതദേഹം കരയ്ക്കെത്തിച്ച് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. അഞ്ചടി ഉയരവും 40-വയസ്സ് പ്രായവുമുള്ള പുരുഷന്റെ മൃതദേഹത്തില്‍ അടിവസ്ത്രവും ബനിയനുമാണ് ഉണ്ടായിരുന്നത്. രണ്ടാഴ്ചയോളം പഴക്കമുണ്ടായിരുന്ന മൃതദേഹം വികൃതമായതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് പോലീസ് കണ്ടെത്തിയിരുന്നത്. മൃതദേഹപരിശോധനയില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പോലീസിനു കൈമാറിയത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍ കിട്ടിയതാണ് ആളെ തിരിച്ചറിയാന്‍ പോലീസിനു ബുദ്ധിമുട്ടായത്.

മൃതദേഹത്തെക്കുറിച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും പോലീസ് സ്റ്റേഷനുകളില്‍ വിവരം കൈമാറിയിരുന്നു. എന്നാല്‍, തുമ്പ, പിറവം എന്നിവിടങ്ങളില്‍നിന്ന് രണ്ട് സംഘം അന്വേഷിച്ച് എത്തിയെങ്കിലും തിരിച്ചറിഞ്ഞില്ല. ഇതേത്തുടര്‍ന്ന് അന്യസംസ്ഥാന ക്യാമ്പുകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹത്തിന്റെ ഫിംഗര്‍പ്രിന്റ്, ഡി.എന്‍.എ. പരിശോധനാഫലം എന്നിവ വരുന്നതോടെ ആളെ തിരിച്ചറിയാനാവുമെന്ന് പൂവാര്‍ തീരദേശ സ്റ്റേഷന്‍ സി.ഐ. എന്‍.ബിജു പറഞ്ഞു.

മൃതദേഹം ഇത്രയും ഉള്‍ക്കടലില്‍ എങ്ങനെ എത്തിയെന്നതും പോലീസ് പരിശോധിക്കുന്നു. കന്യാകുമാരി മുതല്‍ നീണ്ടകര വരെ തീരദേശ പോലീസ് വ്യാപകമായ തിരച്ചിലും നടത്തി.

Content Highlights: dead body found in sea in poovar trivandrum