ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി പണംതട്ടി; 35-കാരന്റെ പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കോട്ടുവള്ളി (എറണാകുളം): ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് യുവാവിന്റെ പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അജ്മല്‍ (28), ഗോകുല്‍ (30), സിബിന്‍ (25) എന്നിവരെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിങ്ങ് ആപ്പ് വഴി അജ്മലിനെയാണ് 35-കാരനായ യുവാവ് ആദ്യം പരിചയപ്പെട്ടത്. ഇയാള്‍ സുഹൃത്തായ ഗോകുലുമായി വെള്ളിയാഴ്ച വൈകീട്ട് തത്തപ്പിള്ളിയിലുള്ള യുവാവിന്റെ വീട്ടിലെത്തിയ ശേഷം മുറിയില്‍ പൂട്ടിയിട്ടു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പണം ആവശ്യപ്പെട്ട് യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.
സിബിന്റെ അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യിച്ച് ആദ്യം യുവാവില്‍നിന്ന് 9,208 രൂപ വാങ്ങി. കൂടുതല്‍ പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നപ്പോള്‍ യുവാവ് തന്റെ പിതാവിന്റെ അക്കൗണ്ടില്‍നിന്ന് 10,000 രൂപ തന്റെ അക്കൗണ്ടിലേക്ക് ചോദിച്ചു വാങ്ങുകയും അത് ഇവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
യുവാവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതില്‍ സിബിന് പങ്കില്ലെങ്കിലും സിബിന്റെ അക്കൗണ്ടിലേക്ക് പണമിട്ടതിനാലാണ് ഇയാളെയും കേസില്‍ പ്രതിയാക്കിയത്. യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.
Content Highlights: Three held for duping youth via dating app in Kottuvalli, Ernakulam. Demanded cash at knifepoint. Learn more about the incident and arrests.