രണ്ടാഴ്ചത്തെ തിരച്ചിൽ, അപകടകാരി; ജയിൽചാടിയ കുറ്റവാളി ഒടുവിൽ പിടിയിൽ, കീഴ്‌പ്പെടുത്തിയത് പോലീസ് നായ

Photo: AP
Photo: AP

ന്യൂയോര്‍ക്ക്:  യു.എസില്‍ ജയില്‍ചാടിയ തടവുകാരന്‍ പോലീസിന്റെ പിടിയിലായി. രണ്ടാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഡാനെലോ കാല്‍ക്കാന്റെ(34)യെ പോലീസ് സംഘം അതിസാഹസികമായി പിടികൂടിയത്. പെന്‍സില്‍വേനിയയില്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞമേഖലയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് സംഘത്തിലുണ്ടായിരുന്ന നായയാണ് പ്രതിയെ കീഴടക്കിയതെന്നും പോലീസ് പറഞ്ഞു. 

മുന്‍പെണ്‍സുഹൃത്തിനെ അവരുടെ കുട്ടികളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയതിനാണ് ബ്രസീല്‍ സ്വദേശിയായ ഡാനെലോയെ കോടതി ശിക്ഷിച്ചത്. എന്നാല്‍, ജീവപര്യന്തം ശിക്ഷ വിധിച്ച് ഒരാഴ്ചയ്ക്ക് ശേഷം തടവുപുള്ളിയായ ഡാനെലോ ചെസ്റ്റര്‍ കൗണ്ടി ജയിലില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി പെന്‍സില്‍വേനിയയിലും സമീപമേഖലകളിലും വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഏകദേശം അഞ്ഞൂറിലേറെ പോലീസുകാരും ഹെലികോപ്റ്ററും വിമാനവും ഡ്രോണ്‍ സംവിധാനങ്ങളും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നു. 

ജയില്‍ചാട്ടം, മോഷണം; ഭീതിയില്‍ ജനം...

ഓഗസ്റ്റ് 31-നാണ് ഡാനെലോ ചെസ്റ്റര്‍കൗണ്ടി ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. ജയിലിലെ രണ്ട് മതിലുകള്‍ക്കിടയിലൂടെ മേല്‍ക്കൂരയിലേക്ക് വലിഞ്ഞുകയറിയ ഇയാള്‍, പിന്നീട് ജയില്‍വളപ്പിലെ സുരക്ഷാവേലിയും തകര്‍ത്താണ് രക്ഷപ്പെട്ടത്. എന്നാല്‍, തടവുപുള്ളി രക്ഷപ്പെട്ടിട്ടും ഏകദേശം ഒരുമണിക്കൂറിന് ശേഷം മാത്രമാണ് ജയില്‍ അധികൃതര്‍ വിവരമറിഞ്ഞത്. പിന്നാലെ വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. അതേസമയം, ഓഗസ്റ്റ് 31-ന് ജയില്‍ചാടിയ ഡാനെലോ ദിവസങ്ങളോളം പോലീസിനെ വെട്ടിച്ച് മുങ്ങിനടന്നു. 

Photo: AP

ജയില്‍ചാട്ടത്തിന് പിന്നാലെ പലയിടങ്ങളിലും രഹസ്യമായി തങ്ങിയ 34-കാരന്‍ വ്യാപകമായി മോഷണങ്ങളും നടത്തിയിരുന്നു. ഭക്ഷണത്തിനായി വീടുകളില്‍ കയറിയ ഇയാള്‍ ഒരു വാനും വസ്ത്രങ്ങളും കവര്‍ന്നു. ഇതിനിടെ, താടിയെല്ലാം വടിച്ച് രൂപമാറ്റവും വരുത്തി. 

സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇയാള്‍ ലോങ് വുഡില്‍നിന്ന് വാന്‍ മോഷ്ടിച്ചത്. ഇതിനുശേഷം പലയിടങ്ങളിലും ഇയാളെ കണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നാലെ പ്രതി മോഷ്ടിച്ച വാന്‍ പിറ്റേദിവസം തന്നെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പോലീസിനെ വെട്ടിച്ച് നടക്കുന്നതിനിടെ ഒരിടത്തുനിന്ന് പ്രതി തോക്കും മോഷ്ടിച്ചിരുന്നു.  ഇതിനിടെ, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജയില്‍ചാടിയ 34-കാരന്‍ അത്യന്തം അപകടകാരിയാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ വാതിലടച്ച് വീടുകളിലിരിക്കുന്നതാണ് ഉചിതമെന്നും പോലീസ് അറിയിച്ചു. അക്രമഭീഷണി ഭയന്ന് ചില സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു. 

രണ്ടാഴ്ചത്തെ തിരച്ചില്‍, ഒടുവില്‍ പിടിയില്‍...

ജയില്‍ചാടിയ 34-കാരനെ പിടികൂടാനായി പെന്‍സില്‍വേനിയയില്‍ പോലീസിന്റെ വ്യാപകമായ തിരച്ചിലാണ് നടന്നത്. അഞ്ഞൂറിലേറെ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ദൗത്യത്തില്‍ പങ്കാളികളായി. ഒടുവില്‍ സെപ്റ്റംബര്‍ 13-ന് പെന്‍സില്‍വേനിയയിലെ മരങ്ങള്‍ തിങ്ങിനിറഞ്ഞ മേഖലയില്‍നിന്ന് അതിനാടകീയമായാണ് ജയില്‍ചാടിയ തടവുപുള്ളിയെ പിടികൂടിയത്. 

Photo: AP 

തെര്‍മല്‍ ഇമേജിങ് ക്യാമറ ഘടിപ്പിച്ച വിമാനം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാള്‍ ഒളിവിലുള്ള സ്ഥലം കണ്ടെത്തിയതോടെ പോലീസ് സംഘം ഇവിടെ തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ പോലീസ് കണ്ടെത്തുമ്പോള്‍ 34-കാരന്‍ നേരത്തെ മോഷ്ടിച്ച തോക്കില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍, പോലീസിനെ കണ്ടതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡിലെ നായകളും പ്രതിയെ പിന്തുടര്‍ന്നു. ഒടുവില്‍ ഡോഗ് സ്‌ക്വാഡിലുണ്ടായിരുന്ന നായയാണ് തടവുപുള്ളിയെ കീഴ്‌പ്പെടുത്തിയത്. നായയുമായുള്ള മല്‍പ്പിടിത്തത്തിനിടെ പ്രതിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ 'യോഡ' എന്ന നായയാണ് 34-കാരനെ അതിസാഹസികമായി കീഴ്‌പ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജയില്‍ചാടിയതിന് ഇയാള്‍ക്കെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു. 


 

Content Highlights: danelo cavalcante who escaped from chester county jail arrested