ബനാറസ് ഹിന്ദു സര്‍വകലാശാലാ ഹോസ്റ്റലിൽ ദളിത് വിദ്യാർഥിയെ ബന്ദിയാക്കിയശേഷം ക്രൂരമർദനം

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |ANI
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |ANI

വരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലാ (ബി.എച്ച്.യു) ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനവും ലൈംഗികാതിക്രമവും. അവസാന വര്‍ഷ എം.എ. സോഷ്യോളജി വിദ്യാര്‍ഥിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ സഹപാഠികള്‍ ബന്ദിയാക്കിയ ശേഷം മര്‍ദ്ദിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തത്. സംഭവത്തില്‍ വിദ്യാര്‍ഥി വരാണസി ലങ്ക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. 

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ രാജാറാം ഹോസ്റ്റലില്‍ ശനിയാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ച സമയത്തായിരുന്നു സംഭവമെന്ന് ഇരയായ വിദ്യാര്‍ഥി പറഞ്ഞു. വൈദ്യുതി നിലച്ചെന്ന്‌ മനസിലാക്കിയ വിദ്യാര്‍ഥി മുറിക്ക് പുറത്തിറങ്ങി നോക്കിയപ്പോള്‍ എം.സി.ബി. ബോക്‌സിലെ ബ്രേക്കര്‍ ഓഫായതായി കണ്ടു. ഇത് ഓണ്‍ ചെയ്ത് വൈദ്യുതബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവമുണ്ടായത്. 

ബ്രേക്കര്‍ സ്വിച്ച് ഓണ്‍ ചെയ്യവെ വിദ്യാര്‍ഥിയെ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി ഓടി സ്വന്തം മുറിയിലേക്ക് കയറി. പിന്നാലെ അക്രമികളായ വിദ്യാര്‍ഥികളും മുറിയിലേക്ക് പാഞ്ഞെത്തി. തുടര്‍ന്നാണ് ഇവരിലൊരാള്‍ ഇരയായ വിദ്യാര്‍ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. എതിര്‍ത്തപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും പോലീസിന്റെ അടിയന്തര നമ്പറായ 112-ല്‍ വിളിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്തുവെന്നും വിദ്യാര്‍ഥി പറഞഅഞു. 

വിദ്യാര്‍ഥി പറയുന്നതനുസരിച്ച് അരമണിക്കൂറോളം സമയമാണ് ഹോസ്റ്റല്‍ മുറിയില്‍ ബന്ദിയാക്കിയത്. ഇരയാക്കപ്പെട്ട വിദ്യാര്‍ഥി അലറിക്കരയുന്നത് കേട്ട മറ്റ് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡനേയും പ്രൊക്ടോറിയല്‍ ബോര്‍ഡിനേയും വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പുലര്‍ച്ചെ നാല് മണിയോടെ രാജാറാം ഹോസ്റ്റലിലെത്തിയ പ്രൊക്ടോറിയല്‍ ബോര്‍ഡ് സംഘമാണ് വിദ്യാര്‍ഥിയെ മോചിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് വിദ്യാര്‍ഥിക്ക് ചികിത്സ നല്‍കി. 

അക്രമത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

നേരത്തേ ഫെബ്രുവരിയിലും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോസ്റ്റലിലുണ്ടായിരുന്ന ഡോക്ടറാണ് അന്ന് ലൈംഗികാതിക്രമത്തിന് ഇരയായത്. ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച വിദ്യാര്‍ഥികള്‍ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു. 

Content Highlights: Dalit student beaten up and sodomised at Banaras Hindu University (BHU) Rajaram hostel