'നിങ്ങള്‍ ഹാളിലൊക്കെ വിവാഹം നടത്തുമോ'; ദളിത് കുടുംബത്തെ ചോദ്യം ചെയത് മർദിച്ചതായി പരാതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബല്ലിയ: ഉത്തര്‍പ്രദേശിലെ റാസ്രയിലെ ഒരു ഹാളില്‍ വിവാഹ ചടങ്ങ് നടത്തിയതിന് ഒരു കൂട്ടം ആളുകള്‍  ദളിത് കുടുംബത്തെ മർദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളുമായെത്തിയ സംഘം ഹാളിലേക്ക് ഇരച്ചുകയറുകയായിരുന്നു. വിവാഹം നടത്തുന്നത് ദളിത് സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ദളിത് സമുദായത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ച് ആക്രോശിച്ച് ഇവരെ മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമിക്കപ്പെട്ടവരില്‍ ഒരാളുടെ സഹോദരന്‍ രാഘവേന്ദ്ര ഗൗതമാണ് പരാതിക്കാരന്‍.  

അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ ജാതി അധിക്ഷേപം നടത്തിയതായും ദളിത് സമുദായത്തിലെ അംഗങ്ങള്‍ ചടങ്ങിനായി വിവാഹ ഹാള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തതായും ആരോപിക്കപ്പെടുന്നു.

ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്ന് രസ്ര പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള വിപിന്‍ സിംഗ് അറിയിച്ചു.

Content Highlights: Dalit family attacked in UP for hosting wedding in marriage hall,caste discrimination