ധനരാജ് കേസ്: പാർട്ടിക്കും പ്രോസിക്യൂഷനും ക്ഷീണം

#എ.കെ.ശ്രീജിത്ത്
പയ്യന്നൂർ ധനരാജ് കൊലപാതകക്കേസിൽ വിധി കേട്ടതിനുശേഷം തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ധൻരാജിന്റെ ഭാര്യ സജിനി | ഫോട്ടോ: ലതീഷ്‌ പൂവ്വത്തൂർ
പയ്യന്നൂർ ധനരാജ് കൊലപാതകക്കേസിൽ വിധി കേട്ടതിനുശേഷം തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ധൻരാജിന്റെ ഭാര്യ സജിനി | ഫോട്ടോ: ലതീഷ്‌ പൂവ്വത്തൂർ

കണ്ണൂർ: സി.പി.എം. ഏഴിമല ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന സി.വി.ധനരാജ് വധക്കേസിൽ 10 കൊല്ലത്തിനുശേഷം വിധി വരുമ്പോൾ കോടതിയിൽ പ്രോസിക്യൂഷനും പുറത്ത് പാർട്ടിക്കും ഒരുപോലെ ക്ഷീണം.

10 വർഷം നീണ്ട ഇടതുഭരണത്തിന്റെ തുടക്കകാലത്താണ് വധക്കേസിലെ നടപടികൾ പൂർത്തിയാക്കിയത്. തങ്ങളുടെ ഭരണകാലത്ത് എഫ്.ഐ.ആർ. മുതൽ കുറ്റപത്രംവരെ തയ്യാറാക്കിയ കേസിൽ കൊലപാതക കാരണം കണ്ടെത്താനും ഗൂഢാലോചനക്കേസ് തെളിയിക്കാനുമാകാതെ 16 പ്രതികളെ വെറുതേ വിട്ടത് അണികളെ ബോധ്യപ്പെടുത്തൽ സി.പി.എമ്മിന് എളുപ്പമാകില്ല.

ഒന്നാംസാക്ഷിയായ, സംഭവസമയത്തെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പ്രജീഷിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കണ്ടാണ് പ്രതികളെ വെറുതേവിട്ടതെന്നതും ശ്രദ്ധേയമാണ്. ധനരാജിന്റെ അമ്മയുടെയും ഭാര്യയുടെയും മൊഴികൾമാത്രം പരിഗണിച്ചാണ് കോടതി തീരുമാനത്തിലേക്കെത്തിയത്.

നല്ല സാക്ഷികളെ കണ്ടെത്താനും ഗൂഢാലോചന തെളിയിക്കാനും കഴിഞ്ഞില്ലെന്ന ആക്ഷേപം വിധിക്കുശേഷം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

ഇടതുഭരണകാലത്തെ വീഴ്ചകളാണ് കേസിൽ പ്രതികളെ വെറുതേ വിടാനിടയാക്കിയതെന്നും അത് ഡീലിന്റെ ഭാഗമാണെന്നും ആരോപിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

വിധിയിൽ അണികൾ പൂർണതൃപ്തരാകുമെന്ന് കരുതുന്നില്ലെന്നാണ് പയ്യന്നൂർ എം.എൽ.എ. വി.കുഞ്ഞികൃഷ്ണന്റെ പ്രതികരണം. സി.പി.എമ്മിനകത്ത് കൊലപാതകവുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങളും സംശയങ്ങളും നേരത്തേ ഉയർന്നിരുന്നുവെന്നും അവ കൂടുതൽ ചർച്ചചെയ്യാൻ വിധി ഉപകരിക്കുമെന്നും അദ്ദേഹം പറയുന്നു.

ധനരാജ് രക്തസാക്ഷിഫണ്ടിൽ ക്രമക്കേട് നടന്നുവെന്ന കുഞ്ഞികൃഷ്ണന്റെ ആരോപണമാണ് പയ്യന്നൂരിൽ സി.പി.എമ്മിനെ പിടിച്ചുലച്ചത്. ജില്ലാകമ്മിറ്റി അംഗമായ മുതിർന്ന നേതാവിന്റെ ആരോപണം പാർട്ടി നിഷേധിച്ചെങ്കിലും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഫണ്ട് വിവാദം സംസ്ഥാനത്താകെ അലയൊലികളുണ്ടാക്കി. നടപടിനേരിട്ട് പുറത്തുപോയ കുഞ്ഞികൃഷ്ണൻ പാർട്ടിയെ വെല്ലുവിളിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തതോടെ സി.പി.എം. കോട്ടയായ പയ്യന്നൂരിൽ വീണ വിള്ളലുകൾ വലുതായി.

സംഘടനാദൗർബല്യങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് ധനരാജ് കേസിലെ വിധി. തെറ്റുതിരുത്തൽ നടപടികളിലേക്ക് പാർട്ടി കടന്നെങ്കിലും പയ്യന്നൂരിലെ ഫണ്ട് വിവാദത്തിലുൾപ്പെടെ അണികളെ ബോധ്യപ്പെടുത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല.

ഇതിനിടയിലാണ് കേസിലെ ഭൂരിഭാഗം പ്രതികളെയും വെറുതേ വിട്ടുകൊണ്ടുള്ള വിധി. അണികളും പ്രവർത്തകരും വിധിയിൽ തൃപ്തരല്ലാതെ വരുമ്പോൾ പാർട്ടിക്കെതിരേ ഉയരുന്ന ചോദ്യങ്ങളുടെ എണ്ണം കൂടുമെന്നതാണ് പയ്യന്നൂരിൽ സി.പി.എമ്മിന് മുന്നിൽ ഇനിയുള്ള പ്രതിസന്ധി.

കേസിൽ അപ്പീൽ പോകുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയ സാഹചര്യത്തിൽ കേസിൽ നിയമയുദ്ധം തുടരും.

Content Highlights: The acquittal of 16 accused in the 10-year-old CV Dhanaraj murder case due to prosecution failures and lack of proof of conspiracy has created a major political setback for the CPM in Payyanur amidst ongoing internal rifts and martyr fund controversies.