വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ; 17-കാരന്റെ പിതാവിനെതിരെ കൂടുതൽ വകുപ്പുകൾ

പുണെ: 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് പുണെയിൽ രണ്ട് യുവ എഞ്ചിനിയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെതിരെ വീണ്ടും നടപടി. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. റിയൽ എസ്റ്റേറ്റ് മുതലാളിയായ കുട്ടിയുടെ പിതാവിനെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. കാറിന്റെ രജിസ്ട്രേഷൻ ഫീസടയ്ക്കാത്തതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ ഏഴുവരെ റിമാൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ പ്രതിയുടെ മുത്തച്ഛനെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിലെ ഡ്രൈവറെ കുറ്റം ഏൽക്കാൻ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു പ്രതിയുടെ മുത്തച്ഛനെ അറസ്റ്റ് ചെയ്തത്. അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന വിചിത്രവാദവുമായി ആരോപണവിധേയനായ 17-കാരനും പിതാവും വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. എന്നാൽ, അപകടത്തിന് പിന്നാലെ ഡ്രൈവറുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായി പുണെ പോലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാൻ കുടുംബം ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.
തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി തടവിൽ വയ്ക്കുക എന്നീ കുറ്റങ്ങളും പ്രതിയുടെ പിതാവിനും മുത്തച്ഛനുമെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിക്ക് അനുകൂലമായ രക്തസാമ്പിൾ പരിശോധനാഫലം നൽകിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് വ്യാജ റിപ്പോർട്ട് നൽകിയ രണ്ടു ഡോക്ടർമാരെയും അറസ്റ്റ് ചെയ്തിരുന്നു.
മെയ് 19-ന് പുലർച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എൻജിനീയർമാരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. 17-കാരൻ 200 കിലോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എൻജിനീയർമാർ മരിക്കുകയായിരുന്നു. കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.
Content Highlights: Criminal Conspiracy Charges Added Against Father Of Pune Teen