സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; 18 വർഷത്തിനുശേഷം പ്രതി ഇന്റർപോൾ സഹായത്തോടെ വിദേശത്തുനിന്ന് പിടിയിൽ

#ന്യൂസ് ഡെസ്ക്
രാഗേഷ് ഉണ്ണിക്കൊച്ചൻ
രാഗേഷ് ഉണ്ണിക്കൊച്ചൻ

കൊച്ചി: തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ സി.പി.എം. പ്രവർത്തകൻ ഇത്തിക്കാട്ട് ധനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷത്തിനുശേഷം പ്രതികളിലൊരാൾ പിടിയിൽ. കൊലപാതകത്തിനു പിന്നാലെ വിദേശത്തേക്കുകടന്ന പ്രതിയായ രാഗേഷ് ഉണ്ണിക്കൊച്ചനെ ഇന്റർപോളിന്റെ സഹായത്തോടെ യു.എ.ഇ.യിൽനിന്നാണ് പിടികൂടിയത്. ഇന്ത്യക്ക് കൈമാറിയ പ്രതിയെ യു.എ.ഇ.യിൽനിന്ന് കേരള പോലീസിന്റെ സംഘം തിരുവനന്തപുരത്തെത്തിച്ചു.

ഏങ്ങണ്ടിയൂർ തിരുമംഗലം ക്ഷേത്രത്തിനുസമീപം 2008 ഓക്ടോബർ ഒന്നിനാണ് സംഭവം നടന്നത്. വൈകീട്ട് ആറുമണിയോടെ കാറിലും ബൈക്കിലുമെത്തിയ സംഘം ധനീഷിനെ മഴുവും വടിവാളും വാളും ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2006-ൽ ഏങ്ങണ്ടിയൂരിലെ ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന സുജിത്ത് കൊല്ലപ്പെട്ട കേസിൽ ഒന്നാംപ്രതിയായിരുന്നു ധനീഷ്. ആ കേസിൽ വിചാരണ നടക്കവേയായിരുന്നു ധനീഷിനെ കൊലപ്പെടുത്തിയത്.

സംഭവത്തിനുശേഷം രണ്ടു പ്രതികൾ ഗൾഫിലേക്ക് കടന്നു. ധനീഷ് കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുൻപുമാത്രം നാട്ടിലെത്തിയ ഈ രണ്ടുപേരും സംഭവം നടന്നതിന്റെ തൊട്ടടുത്തദിവസം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതിലൊരാളാണ് ഇപ്പോൾ അറസ്റ്റിലായ രാഗേഷ് ഉണ്ണിക്കൊച്ചൻ. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കേരള പോലീസ് വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിരുന്നു.

തുടർന്ന് സി.ബി.ഐ. ഇയാൾക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് അന്വേഷിച്ച പോലീസ് രാഗേഷിനെതിരേ കുറ്റപത്രം സമർപ്പിക്കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതടക്കമുള്ള വിവരങ്ങൾ സി.ബി.ഐ.യിൽ നിന്ന് ഇന്റർപോളിലേക്ക് കൈമാറി. തുടർന്ന് രാഗേഷ് എവിടെയാണുള്ളതെന്ന് കണ്ടെത്തി യു.എ.ഇ. അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: An accused in the 2008 murder of CPM worker Dhaneesh in Thrissur has been apprehended in the UAE with the help of Interpol and brought back to Kerala after evading arrest for 18 years.