സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപം: യൂത്ത് ലീഗ് പ്രവർത്തകനായ പ്രവാസിയെ അറസ്റ്റ് ചെയ്തു

കൊപ്പം: വ്യാജ ഐഡി നിർമിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ സിപിഎം നേതാക്കളെ അധിക്ഷേപിച്ച കേസിൽ മുസ്‌ലിം യൂത്ത് ലിഗ് പ്രവർത്തകനും പ്രവാസിയുമായ വിളയൂർ കുപ്പൂത്ത് സ്വദേശി അബ്ദു ലത്തീഫിനെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു.
വിദേശത്തായിരുന്ന ഇയാൾ തിങ്കളാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കൂരാച്ചിപ്പടി ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയളളവരെ അവഹേളിക്കുന്ന രീതിയിൽ പ്രകോപനപരമായ പോസ്റ്റുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായാണ് പരാതി. വിളയൂരിലെ സിപിഎം പ്രവർത്തകൻ മുസ്തഫ മലവട്ടം നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമായിരുന്നു കേസ്. സംഭവം നടക്കുമ്പോൾ പ്രതി വിദേശത്തായിരുന്നു. നാട്ടിൽ എത്തുന്നതറിഞ്ഞാണ് പോലീസ്, കരിപ്പൂരിൽവെച്ച് ഇയാളെ പിടികൂടിയത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Youth League activist was arrested at Karipur airport for creating fake IDs and abusing CPM leaders