കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

പ്രതീകാത്മകചിത്രം | Photo: Canva
പ്രതീകാത്മകചിത്രം | Photo: Canva

കോട്ടയം: സ്വത്ത് തർക്കത്തിന്റെ പേരിൽ കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോട്ടയം സെഷൻസ് കോടതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 

ഇളയസഹോദരൻ രഞ്ജു കുര്യനെയും മാതൃസഹോദരൻ മാത്യു സ്‌കറിയയെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വെച്ച് ജോർജ് കുര്യൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

2022 മാർച്ച് ഏഴിനായിരുന്നു സംഭവം. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 

സംഭവസമയം വീട്ടിലുണ്ടായിരുന്ന രഞ്ജുകുര്യന്റെയും ജോർജ് കുര്യന്റെയും മാതാപിതാക്കടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. 

Content Highlights: court found the accused guilty kanjirappally double homicide