കുറിയർബോയ് പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; ഇരുവരും സുഹൃത്തുക്കൾ, 'ഭീഷണി' സെൽഫിയെടുത്തതും യുവതി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പുണെ: മഹാരാഷ്ട്രയില്‍ കുറിയര്‍ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തിയ ആള്‍ യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ വന്‍ വഴിത്തിരിവ്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി, യുവതിയുടെ സുഹൃത്താണെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ യുവതിയുടെ ഫോണിലുണ്ടായിരുന്ന സെല്‍ഫി യുവതി തന്നെ എടുത്തതാണെന്നും പോലീസ് വ്യക്തമാക്കി. 

പുണെയിലെ കൊന്ദ്‌വ ഏരിയയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. 22-കാരിയായ ഐ.ടി. ജീവനക്കാരിയാണ് തന്നെ ഒരാള്‍ ബലാത്സംഗത്തിന് ഇരയാക്കി എന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. കുറിയര്‍ നല്‍കാന്‍ എന്ന വ്യാജേന ഫ്ലാറ്റിലെത്തിയ യുവാവ് ബലംപ്രയോഗിച്ച് വീട്ടിനുള്ളില്‍ കടന്ന് തന്നെ ബലാത്സം​ഗം ചെയ്യുകയായിരുന്നു എന്നായിരുന്നു യുവതിയുടെ പരാതി. 

യുവതിയുടെ പരാതിയില്‍ പറയുന്നത് പ്രകാരം; യുവാവ് എന്തോ ദ്രാവകം മുഖത്തേക്ക് സ്‌പ്രേചെയ്തു, അതോടെ തന്റെ ബോധം പോയി, പിന്നാലെ അയാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് ഫ്ലാറ്റില്‍ യുവതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബോധം വരുമ്പോഴേക്കും യുവാവ് കടന്നുകളഞ്ഞിരുന്നു. എന്നാല്‍ പിന്നീട് യുവതി ഫോണ്‍ പരിശോധിച്ചപ്പോഴാണ് യുവാവിന്റെ ഭീഷണി കണ്ടത്. 

യുവതിയുടെ ശരീരത്തിന്റെ പിന്‍ഭാഗവും പ്രതിയുടെ മുഖത്തിന്റെ കുറച്ചുഭാഗവും കാണത്തക്കവിധം ഒരു ഫോട്ടോയും യുവതിയുടെ ഫോണില്‍ ഉണ്ടായിരുന്നു. ഒപ്പം ഒരു സന്ദേശവും, 'ഞാന്‍ ഇനിയും വരും'. ഇത്തരത്തിലുള്ള ഫോട്ടോകള്‍ തന്റെ പക്കലുണ്ടെന്നും പോലീസിനെ സമീപിച്ചാല്‍ ആ ഫോട്ടോകള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെക്കുമെന്നും യുവാവിന്റെ ഭീഷണിയുണ്ടായിരുന്നു. 

ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. വൈകാതെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തതില്‍ നിന്നും യുവതിയും പ്രതിയും സുഹൃത്തുക്കളാണെന്നും 'ഭീഷണി ഫോട്ടോ' യുവതി തന്നെയാണ് എടുത്തത് എന്നുമുള്ള ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചതെന്നും പോലീസ് പറയുന്നു. 

'കസ്റ്റഡിയിലെടുത്ത പ്രതി ഉന്നതനിലയിലുള്ള വ്യക്തിയാണ്. ഇരുവരും കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി സുഹൃത്തുക്കളാണ്. രണ്ടുപേരും ഒരേ കമ്യൂണിറ്റിയിലുള്ളവരാണ്. കേസുമായി ബന്ധപ്പെട്ട് യുവതി നല്‍കിയിട്ടുള്ള ഭൂരിഭാഗം വിവരങ്ങളും തെറ്റാണ്. യുവതിയുടെ മുഖത്ത് ഒരുതരത്തിലുള്ള ദ്രാവകവും സ്‌പ്രേചെയ്യപ്പെട്ടിട്ടില്ല. സംഭവസമയത്ത് അവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല,' കമ്മിഷണര്‍ അമിതേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചത് എന്ന് യുവതി പറഞ്ഞ ഫോട്ടോ എടുത്തത്, പ്രതിയല്ല മറിച്ച് ആ യുവതി തന്നെയാണ്. യുവതി എടുത്ത ചിത്രത്തില്‍ യുവാവിന്റെ മുഖം വ്യക്തമായും കാണാമായിരുന്നു, പിന്നീട് എഡിറ്റ് ചെയ്താണ് ഇയാളുടെ മുഖം വ്യക്തമാകാത്ത രീതിയില്‍ ക്രോപ് ചെയ്ത് മാറ്റിയത്. ആ ഭീഷണി സന്ദേശം ഫോട്ടോയില്‍ എഴുതിയതും യുവതി തന്നെയാണ്,' കമ്മിഷണര്‍ വ്യക്തമാക്കി. 

എന്തിനാണ് യുവതി ഇങ്ങനെയെല്ലാം ചെയ്തതെന്നോ യുവാവിനെതിരെ പരാതി നല്‍കിയതെന്നോ വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരമല്ല യുവതി ആദ്യംമുതലേ നല്‍കിയിരുന്നത്. ഇത് ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. യുവതി മാനസികമായി അത്ര നല്ല അവസ്ഥയിലല്ലെന്നും അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മനസിലാക്കിയെടുക്കാന്‍ സമയമെടുക്കുമെന്നും പോലീസ് പറയുന്നു. 

Content Highlights: courier boy who raped techie in pune is her friend threat selfie was taken by herself says police