ബെംഗളൂരു-മൈസൂരു പാതയില്‍ വീണ്ടും കവര്‍ച്ച; പോലീസാണെന്ന് പറഞ്ഞ് ദമ്പതിമാരെ കൊള്ളയടിച്ചു

ബെംഗളൂരു-മൈസൂരു അതിവേഗപാത | ഫയല്‍ചിത്രം | ANI
ബെംഗളൂരു-മൈസൂരു അതിവേഗപാത | ഫയല്‍ചിത്രം | ANI

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ദേശീയപാതയില്‍ യാത്രക്കാര്‍ കവര്‍ച്ചയ്ക്കിരകയാകുന്നത് ആവര്‍ത്തിക്കുന്നു. കുടകിലെ ഗോണിക്കുപ്പ സ്വദേശികളായ കാര്‍ യാത്രികരെ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു. മാലയും വളയും മോതിരങ്ങളും കമ്മലുമുള്‍പ്പെടെ 28 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍നിന്ന് കവര്‍ന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ബെംഗളൂരുവില്‍നിന്ന് കുടകിലെ ഗോണിക്കുപ്പയിലേക്ക് പോകുകയായിരുന്ന ദമ്പതിമാരെ ശ്രീരംഗപട്ടണക്ക് സമീപമാണ് കൊള്ളയടിച്ചത്.പോലീസാണെന്ന് പറഞ്ഞെത്തിയ സംഘം കാര്‍ തടയുകയായിരുന്നു. കാര്‍ എന്തുകൊണ്ടാണ് വേഗം കുറച്ചുപോകുന്നതെന്ന് ചോദ്യംചെയ്തു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ആഭരണങ്ങളുമായി സംഘം കടന്നുകളഞ്ഞു. ദമ്പതിമാര്‍ ശ്രീരംഗപട്ടണ പോലീസില്‍ പരാതി നല്‍കി.

പോലീസാണെന്ന് പരിചയപ്പെടുത്തി വാഹനം നിര്‍ത്തിച്ചശേഷം കൊള്ളയടിക്കുന്ന സംഭവം കഴിഞ്ഞമാസവും ഉണ്ടായതാണ്. ഒരേ രീതിയില്‍ കൊള്ളനടത്തുന്നസംഘങ്ങള്‍ പാതയില്‍ സജീവമാണ്. രാത്രിയാണ് സംഘങ്ങളുടെ വിലസല്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ പാത ഉദ്ഘാടനം ചെയ്തശേഷം നിരവധി കവര്‍ച്ചസംഭവങ്ങളാണ് അരങ്ങേറിയത്.ഇതുസംബന്ധിച്ച് വ്യാപകമായി പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ, കവര്‍ച്ചക്കാരെ നിയന്ത്രിക്കാനാകുന്നില്ല.

പാതയില്‍ സംശയകരമായ സാഹചര്യത്തില്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ അതിന് വഴങ്ങരുതെന്ന് പോലീസ് പറഞ്ഞു. അടിയന്തരഘട്ടങ്ങളില്‍ പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112, ദേശീയപാതാ അതോറിറ്റി ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1033 എന്നിവയില്‍ ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടാമെന്നും അറിയിച്ചു.

Content Highlights: couple robbed in bengaluru mysuru express highway