'അവന്റെ ബാഗിൽ കഞ്ചാവ് വെക്ക്'; യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ കുടുക്കാൻ പോലീസിന്റെ ശ്രമം; CCTV ക്യാമറയിൽ പെട്ടു

ഭോപ്പാൽ: യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തതിന് യുവാവിനെ കള്ളക്കേസിൽപ്പെടുത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ കുടുങ്ങി. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. ഹോട്ടലിൽ മുറിയെടുത്ത് ഒന്നിച്ച് താമസിക്കുകയായിരുന്ന അവിവാഹിതരായ യുവതിയേയും യുവാവിനേയും ചോദ്യംചെയ്യവെയാണ് അഡീഷണൽ പോലീസ് സൂപ്രണ്ട് ദീപക് മിശ്ര യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ചത്. എന്നാൽ, എല്ലാം മുകളിലിരുന്ന് കാണുകയായിരുന്ന സിസിടിവി ക്യാമറ എ.എസ്.പിയെ ചതിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ പോലീസ് യുവതിയേയും യുവാവിനേയും ചോദ്യംചെയ്തു. തങ്ങൾ ഇരുവരും പ്രായപൂർത്തിയായവരാണെന്നും ഒരേ ജാതിയിൽ പെട്ടവരാണെന്നും വിവാഹംചെയ്യാൻ ആഗ്രഹിക്കുന്നവരാണെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ, മാതാപിതാക്കളെ വിളിക്കണമെന്ന് പോലീസ് നിർബന്ധിച്ചു. എന്നാൽ, യുവതി ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് യുവാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് പോലീസ് ഭീഷണി മുഴക്കിയത്.
എന്നാൽ, ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹോട്ടൽ ഉടമ പുറത്തുവിടുകയും ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. 'അവന്റെ ബാഗിൽ കഞ്ചാവ് വെക്ക്' എന്ന് എ.എസ്.പി ദീപക് മിശ്ര പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. കൂടാതെ, മാതാപിതാക്കളെ അറിയിക്കാതെ ഇരുവരും ഒന്നിച്ച് സമയംചെലവഴിക്കുന്നതിന്റെ പേരിൽ യുവതിയേയും യുവാവിനേയും ഇയാൾ ശകാരിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവം നടന്ന സിദ്ധാർഥ് ഹോട്ടലിന്റെ ഉടമ സഞ്ജു സനോഡിയയും പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഹോട്ടൽ നടത്താൻ പ്രാദേശിക പൊലീസ് പ്രതിമാസം 25,000 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഈ തുക നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയതെന്നും സനോഡിയ പറയുന്നു.
പോലീസിന്റെ തനിനിറം തുറന്നുകാട്ടാനാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്ന് സനോഡിയ പറഞ്ഞു. വീഡിയോ പുറത്തുവന്നതോടെ പോലീസിന്റെ അധികാരപ്രയോഗത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നു. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ പ്രായപൂർത്തിയായ പൗരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ ചോദ്യംചെയ്ത് നിരവധി പേർ രംഗത്തെത്തി. സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് കഴിയാൻ തീരുമാനിച്ച പൗരന്മാരോട് പോലീസ് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നാണ് പലരും ചോദിക്കുന്നത്.
അതേസമയം, ആരോപണവിധേയരായ ദീപക് മിശ്ര ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ മധ്യപ്രദേശ് ആഭ്യന്തരവകുപ്പ് ഒരു നടപടിയും ഇതുവരെ സ്വീകരിക്കുകയോ ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസിന്റെ ഔദ്യോഗിക വിശദീകരണവും ലഭ്യമായിട്ടില്ല.
Content Highlights: Madhya Pradesh ASP Deepak Mishra was caught on hotel CCTV instructing officers to plant cannabis in a young man's bag after questioning him and an adult woman sharing a room, sparking widespread public outrage.